കൊച്ചി-ധനുഷ്കോടി ദേശീയപാത നിർമാണത്തിനു ടെൻഡറായി
1244825
Thursday, December 1, 2022 10:34 PM IST
തൊടുപുഴ: കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ കൊച്ചി മുതൽ മൂന്നാർവരെയുള്ള നിർമാണത്തിന് 910 കോടിയുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചതായി ഡീൻ കുര്യാക്കോസ് എംപി പറഞ്ഞു. നേര്യമംഗലത്ത് പുതിയ പാലവും നിർമിക്കും.
കൊച്ചി മുതൽ മൂന്നാർവരെ രണ്ടു ലൈൻ വിത്ത് പേവ്ഡ് ഷോൾഡർ സ്പെസിഫിക്കേഷനിലൂടെ പത്തുമീറ്റർ വീതി ഉറപ്പാക്കും. രണ്ടരവർഷമാണ് നിർമാണ കാലാവധി.
125 കിലോമീറ്റർ ദൈർഘ്യമുള്ള പദ്ധതിക്ക് 889 കോടി രൂപയ്ക്കായിരുന്നെങ്കിലും 2.3 ശതമാനം കൂടിയ തുകയ്ക്കാണ് ടെൻഡർ. എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ അംഗീകാരംകൂടി ഉറപ്പാക്കി നിർമാണ പ്രവർത്തനം ആരംഭിക്കും.
എൻഎച്ച്-85 പുതിയ ഗ്രീൻ ഫീൽഡ് അലൈൻമെന്റിൽ ഭാരത്മാല പദ്ധതിയിൽ പ്രഖ്യാപിച്ചിട്ടുള്ളതും 3 എ നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചിട്ടുണ്ട്.
മൂവാറ്റുപുഴയിലെ പെരുവുംമൂഴി പാലംമുതൽ കോതമംഗലം, അടിമാലി, മൂന്നാർവഴി ബോഡിമെട്ടുവരെ പാതയുടെ 80 ശതമാനവും കടന്നുപോകുന്നത് ഇടുക്കി പാർലമെന്റ് മണ്ഡലത്തിലൂടെയാണ്.