മൂവാറ്റുപുഴ-തേനി സംസ്ഥാനപാത: സർവേ നടപടി ആരംഭിച്ചു
1262208
Wednesday, January 25, 2023 11:18 PM IST
തൊടുപുഴ: മൂവാറ്റുപുഴ-തേനി സംസ്ഥാനപാതയുടെ രണ്ടാംഘട്ട നിർമാണത്തിനു ഭൂമി അളന്നുതിരിച്ചു കല്ലിടുന്ന ജോലി ആരംഭിച്ചു. ഇതിനായി രണ്ടു സർവേയർമാരെ ചുമതലപ്പെടുത്തി. സർവേയർമാരുടെ കുറവ് സ്ഥലം അളന്നുതിരിക്കുന്നതിനു കാലതാമസം സൃഷ്ടിക്കുന്നതായി നേരത്തെ ദീപിക ചൂണ്ടിക്കാട്ടിയിരുന്നു.
പെരുമാങ്കണ്ടം മുതൽ മുസ്ലിംപള്ളി കോട്ടക്കവല വരെയുള്ള മൂന്നു കിലോമീറ്റർ ദൂരമാണ് അളന്നുതിരിക്കുന്നത്. ഈ സ്ഥലം സ്വകാര്യവ്യക്തികളുടെ കൈവശത്തിലാണ്. സ്ഥലം അളന്നുതിരിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മൂവാറ്റുപുഴ-തേനി ഹൈവേ പുനർനിർമാണ സെൻട്രൽ ആക്ഷൻ കമ്മിറ്റി ചെയർമാൻ ഫാ. ജോസ് കിഴക്കേൽ, വൈസ് ചെയർമാൻ എം.ജെ. ജോണ് മാറാടിക്കുന്നേൽ എന്നിവർ ചേർന്ന് സംസ്ഥാന റവന്യു ഡെപ്യൂട്ടി ഡയറക്ടർക്കു നിവേദനം നൽകിയിരുന്നു.
ഇതേത്തുടർന്ന് ആവശ്യമായ നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തുകയും ഇവർ തൊടുപുഴ ഭൂരേഖ തഹസിൽദാരോടു ആവശ്യമായ നടപടി സ്വീകരിക്കാൻ നിർദേശിക്കുകയുമായിരുന്നു.
പാതയുടെ ഒന്നാംഘട്ടമായ മൂവാറ്റുപുഴ ചാലിക്കടവ് മുതൽ പെരുമാങ്കണ്ടം വരെയുള്ള 16.75 കിലോമീറ്റർ ദൂരം ജർമൻ സാന്പത്തിക സഹായത്തോടെ 87.74 കോടി ചെലവഴിച്ചു പൂർത്തീകരിച്ചു വരികയാണ്. ഇതു അന്തിമഘട്ടത്തിലാണ്.
എന്നാൽ, പെരുമാങ്കണ്ടം മുതൽ ഈസ്റ്റ് കലൂർ, വാഴക്കാല മുസ്ലിംപള്ളി വരെയുള്ള മൂന്നുകിലോമീറ്റർ റോഡ് പുറന്പോക്ക് സ്വകാര്യവ്യക്തികളുടെ കൈവശത്തിലുമാണ്. ഇതു അളന്നുതിരിച്ച് കല്ലിട്ടാലേ രണ്ടാംഘട്ട നിർമാണവുമായി മുന്നോട്ടുപോകാനാകൂ.