വെള്ളിയാമറ്റം പഞ്ചായത്തിൽ ഭരണം യുഡിഎഫിന്
1262451
Friday, January 27, 2023 10:21 PM IST
മൂലമറ്റം: വെള്ളിയാമറ്റം പഞ്ചായത്ത് ഭരണം യുഡിഎഫിന്. നിലവിൽ എൽഡിഎഫ് പ്രസിഡന്റായിരുന്ന ഇന്ദു ബിജു രാജിവച്ചശേഷം യുഡിഎഫ് പക്ഷത്തേക്കു മാറി വീണ്ടും പ്രസിഡന്റാകുകയായിരുന്നു. ഇന്ദു ബിജുവിന് എട്ടു വോട്ടും എൽഡിഎഫ് സ്ഥാനാർഥി രാജു കുട്ടപ്പന് ഏഴു വോട്ടും ലഭിച്ചു.
എൽഡിഎഫ് പിന്തുണയോടെ രണ്ടു വർഷം പ്രസിഡന്റുസ്ഥാനം വഹിച്ചശേഷം ധാരണയുടെ അടിസ്ഥാനത്തിൽ ഇന്ദു ബിജു രാജി വച്ചിരുന്നു. തുടർന്നു നടന്ന രാഷ്ട്രീയ നീക്കങ്ങൾക്കൊടുവിലാണ് ഇവർ വീണ്ടും പ്രസിഡന്റായത്. ഒന്നര വർഷം ഇന്ദു ബിജുവിനും തുടർന്ന് കോണ്ഗ്രസ് പ്രതിനിധിക്കും പ്രസിഡന്റുസ്ഥാനം എന്നതാണു നിലവിലെ ധാരണ.
രാജു കുട്ടപ്പനായിരുന്നു ഇന്ദു ബിജു രാജിവച്ച ഒഴിവിൽ പ്രസിഡന്റ് ആകേണ്ടിയിരുന്നത്. എന്നാൽ മുൻ ധാരണയ്ക്കു വിരുദ്ധമായി ഒഐഒപി സ്ഥാനാർഥിയായി വിജയിച്ച ഇന്ദു ബിജു പ്രവർത്തിച്ചതാണ് പ്രസിഡന്റുസ്ഥാനം നഷ്ടമാകാൻ കാരണം. യുഡിഎഫ്-ഏഴ്, എൽഡിഎഫ്-ആറ് ഒഐഒപി-ഒന്ന്, സ്വതന്ത്രൻ-ഒന്ന് എന്നതായിരുന്നു മുൻ കക്ഷിനില. ഡിസിസി പ്രസിഡന്റ് സി.പി. മാത്യു ഇടപെട്ടാണ് യുഡിഎഫ് ഭരണം പിടിച്ചത്.