കാരിക്കോട്-ആനക്കയം റോഡ്: യുഡിഎഫ് സമരത്തിന്
1262452
Friday, January 27, 2023 10:21 PM IST
ആലക്കോട്: യുഡിഎഫ് ആലക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ത്രിതല പഞ്ചായത്ത് അംഗങ്ങളും സഹകരണ ബാങ്ക് ജനപ്രതിനിധികളും ഫെബ്രുവരി ഒന്നിന് രാവിലെ 10 ന് തൊടുപുഴ പിഡബ്യുഡി ഓഫീസിനു മുന്നിൽ സത്യഗ്രഹം സംഘടിപ്പിക്കും. തകർന്നുകിടക്കുന്ന കാരിക്കോട്-തെക്കുംഭാഗം-അഞ്ചിരി-ഇഞ്ചിയാനി-ആനക്കയം റോഡിന്റെ നിർമാണത്തിനു പി.ജെ. ജോസഫ് എംഎൽഎയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ അഞ്ചു കോടിയുടെ എസ്റ്റിമേറ്റ് തയാറാക്കി പൊതുമരാമത്ത് വകുപ്പു നൽകിയെങ്കിലും ഭരണാനുമതി നൽകാത്ത സർക്കാരിന്റെ നിലപാടിനെതിരേയാണ് സമരം.
ഡിസിസി പ്രസിഡന്റ് സി.പി. മാത്യു ഉദ്ഘാടനം ചെയ്യും. യുഡിഎഫ് ജില്ലാ കണ്‍വീനർ പ്രഫ. എം.ജെ. ജേക്കബ്, ആലക്കോട് പഞ്ചായത്ത് പ്രസിഡന്റ് മിനി ജെറി, ഇടവെട്ടി പഞ്ചായത്ത് പ്രസിഡന്റ് ഷീജ നൗഷാദ്, ബ്ലോക്ക് പഞ്ചായത്തംഗം ടോമി കാവാലം എന്നിവർ നേതൃത്വം നൽകുമെന്നു യുഡിഎഫ് ആലക്കോട് മണ്ഡലം ചെയർമാൻ കെ.എം. കാസിം, കണ്‍വീനർ വി.എം. ചാക്കോ എന്നിവർ അറിയിച്ചു.