മെഗാ തൊഴിൽമേളയുമായി ചിറക്കടവ് പഞ്ചായത്ത്
1602012
Wednesday, October 22, 2025 11:40 PM IST
പൊൻകുന്നം: യുവജനങ്ങൾക്ക് തൊഴിലവസരമൊരുക്കി ചിറക്കടവ് പഞ്ചായത്ത്. നാല്പതിലേറെ കമ്പനികളുടെ തൊഴിലവസരങ്ങളിലേക്ക് അഭിമുഖത്തിന് അവസരം നൽകും. 25നു രാവിലെ ഒന്പതുമുതൽ പൊൻകുന്നം ടൗണിലെ അഗ്രികൾച്ചർ മാർക്കറ്റിംഗ് കോംപ്ലക്സിലാണ് മെഗാ തൊഴിൽമേള.
വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി 2025-26 സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബശ്രീ മിഷൻ, യൂത്ത് മിഷൻ എന്നിവയുടെ സഹകരണത്തോടെയാണ് മേള നടത്തുന്നതെന്ന് പഞ്ചായത്ത് അധികൃതർ പത്രസമ്മേളനത്തിൽ പറഞ്ഞു.
അപേക്ഷകർ ചിറക്കടവ് പഞ്ചായത്ത് നിവാസികളാകണമെന്നില്ല. എസ്എസ്എൽസി മുതൽ ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയ ഉദ്യോഗാർഥികൾക്കുവരെ പങ്കെടുക്കാം. ഒരാൾക്ക് അഞ്ചു കമ്പനികളുടെ അഭിമുഖത്തിൽ വരെ പങ്കെടുക്കാം. സ്ട്രീം പെർഫെക്ട്, ലുലു, ഒലീവിയ, ജിഐസിഇ, മെഡ്പ്ലസ്, കല്യാൺ, നിപ്പോൺ ടൊയോട്ട, ബെൽസ്റ്റാർ, മാക്സ് വാല്യു, പോപ്പുലർ വെഹിക്കിൾസ്, കെഎൽഎം ആക്സിവ, ജിയോജിത്, മിഗ് ഗ്രൂപ്പ്, ആൻസൺ ഗ്രൂപ്പ്, രാംരാജ്, പോപ്പുലർ ഹ്യൂണ്ടായ്, ഓട്ടോബാൻ, ടെക് മഹീന്ദ്ര തുടങ്ങി നാല്പതിലേറെ തൊഴിൽദാതാക്കളെത്തും.
ക്യുആർ കോഡ് മുഖേനയും ഗൂഗിൾഫോം മുഖേനയും മുൻകൂട്ടി രജിസ്റ്റർ ചെയ്യാം. കൂടാതെ 25ന് സ്പോട്ട് രജിസ്ട്രേഷനിലൂടെയും പങ്കെടുക്കാം. മുൻകൂർ രജിസ്ട്രേഷന് വാട്സാപ്പ് നമ്പർ - 9656557054.
രാവിലെ ഒന്പതിന് ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. ശ്രീകുമാർ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും. വിജ്ഞാനകേരളം സ്റ്റേറ്റ് കോ-ഓർഡിനേറ്ററായ മുൻ മന്ത്രി ഡോ. ടി.എം. തോമസ് ഐസക് പദ്ധതി വിശദീകരിക്കും.
പത്രസമ്മേളനത്തിൽ പ്രസിഡന്റ് സി.ആർ. ശ്രീകുമാർ, വൈസ്പ്രസിഡന്റ് സതി സുരേന്ദ്രൻ, പഞ്ചായത്തംഗങ്ങളായ സുമേഷ് ആൻഡ്രൂസ്, ലീന കൃഷ്ണകുമാർ, ഷാക്കി സജീവ്, അമ്പിളി ശിവദാസ്, ശ്രീലത സന്തോഷ്, എസ്. സിന്ധുദേവി, സി. ഗോപാലൻ, അസിസ്റ്റന്റ് സെക്രട്ടറി എസ്. സിന്ധുമോൾ, സിഡിഎസ് ചെയർപേഴ്സൺ ഉഷാ പ്രകാശ് എന്നിവർ പങ്കെടുത്തു.