സ്പോർട്സ് ആയുർവേദയിൽ ഫിസിയോതെറാപ്പി യൂണിറ്റ്
1602017
Wednesday, October 22, 2025 11:40 PM IST
തൊടുപുഴ: ജില്ലാ ആയുർവേദ ആശുപത്രിയിൽ നാഷണൽ ആയുഷ് മിഷന്റെ സഹകരണത്തോടെ പ്രവർത്തിച്ചുവരുന്ന സ്പോർട്സ് ആയുർവേദ വിഭാഗത്തിൽ പുതിയ ഫിസിയോതെറാപ്പി യൂണിറ്റ് പ്രവർത്തനം തുടങ്ങി. സംസ്ഥാനത്തെ ആയുഷ് ചികിത്സാകേന്ദ്രങ്ങളിലേക്ക് അനുവദിച്ച ഫിസിയോതെറാപ്പി യൂണിറ്റുകളുടെ സംസ്ഥാനതല പ്രവർത്തന ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിച്ചു. തൊടുപുഴ സ്പോർട്സ് ആയുർവേദ ഹാളിൽ സംഘടിപ്പിച്ച പ്രാദേശിക ചടങ്ങ് പി.ജെ. ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
ഭാരതീയ ചികിത്സാവകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജെറോം വി. കുര്യൻ പദ്ധതി വിശദീകരിച്ചു. ജില്ലാ ആയുർവേദ ആശുപത്രി സൂപ്രണ്ട് ഡോ. പി.ആർ. സലിം, ചീഫ് മെഡിക്കൽ ഓഫീസർ ഡോ. യു.ബി. ഷീജ, എച്ച്എംസി അംഗങ്ങളായ പി.എ. സലീം കുട്ടി, സി.എസ്. മഹേഷ്, പി.പി. ജോയി, എസ്.എം. ഷെരീഫ്, വി.എസ്. അബാസ് തുടങ്ങിയവർ പ്രസംഗിച്ചു.
പുതിയ ഫിസിയോ തെറാപ്പി യൂണിറ്റിൽ ഐഎഫ്ടി ടെൻസ് കോംബോ യൂണിറ്റ്, ഇലക്ട്രിക്കൽ മസിൽ സ്റ്റിമുലേറ്റർ, ഷോൾഡർ വീൽ, ട്രാക്ഷൻ യൂണിറ്റ്, ഇലക്ട്രിക് നേർവ് സ്റ്റിമുലേറ്റർ, ഇൻഫ്രാ റെഡ് റേഡിയേഷൻ തുടങ്ങി വിപുലമായ സൗകര്യങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്.
കൂടാതെ ഡ്രൈ നീഡിലിംഗ്, കൈനസിയോളജി ടേപ്പിംഗ് എന്നീ സേവനങ്ങളും ലഭിക്കും.
സ്പോർട്സ് ആയുർവേദ റിസർച്ച് സെൽ കണ്‍വീനറെ കൂടാതെ ഒരു സ്പെഷലിസ്റ്റ് മെഡിക്കൽ ഓഫീസർ, രണ്ട് മെഡിക്കൽ ഓഫീസർമാർ, ഒരു ഫിസിയോ തെറാപ്പിസ്റ്റ്, മൂന്ന് പഞ്ചകർമ്മ തെറാപ്പിസ്റ്റുകൾ എന്നിവർ അടങ്ങുന്ന ടീമാണ് സ്പോർട്സ് ആയുർവേദയിലുള്ളത്.