ഏലം പട്ടയഭൂമിയിലെ നിര്‍മാണ നിരോധനം പിന്‍വലിക്കണമെന്ന്
1602009
Wednesday, October 22, 2025 11:40 PM IST
നെടുങ്കണ്ടം: ഏലം പട്ടയഭൂമിയില്‍ ഒരു നിര്‍മാണത്തിനും അനുമതി നല്കാന് പാടില്ലന്ന ഒന്നാം പിണറായി സര്‍ക്കാരിന്റെ 2019 നവംബര്‍19 ലെ ഉത്തരവ് റദ്ദ് ചെയ്യണമെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി ബിജോ മാണി ആവശ്യപ്പെട്ടു. ഈ ഉത്തരവിന്റെ പേരിൽ വീട് പണിയാന്‍ അനുമതി ലഭിക്കാത്ത നൂറുകണക്കിന് കുടുംബങ്ങൾ ജില്ലയിലുണ്ട്.
ആറ് ഗ്രാമപഞ്ചായത്തുകളിലായി പിഎംഎവൈ, ലൈഫ് ഭവന പദ്ധതികളുടെ ഗുണഭോക്തൃ ലിസ്റ്റിലുള്ള 69 കുടുംബങ്ങള്‍ക്ക് ഈ ഉത്തരവ് മൂലം വീടു പണിയാൻ എന്‍ഒസി ലഭിച്ചിട്ടില്ല. മറ്റൊരിടത്തും ഭൂമിയില്ലാത്തവരാണ് ഈ 69 കുടുംബങ്ങളും.
2019ല്‍ ആനവിരട്ടി വില്ലേജിലെ ഒരു വ്യക്തിക്ക് കുടുംബ വിഹിതമായി ലഭിച്ച 14 സെന്റ് ഭൂമിയില്‍ 723 സ്ക്വയര്‍ഫീറ്റുള്ള വീട് നിര്‍മാണത്തിന് എന്‍ഒസി നല്കാമോയെന്നു ചോദിച്ച് റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക്, ജില്ലാ കളക്ടര്‍ കത്ത് നല്‍കിയതോടെയാണ് നിര്‍മാണ നിരോധനം ഉണ്ടായത്.
ഏലപ്പട്ടയ ഭൂമിയില്‍ ഒരു നിര്‍മാണത്തിനും അനുമതി നല്കാന് പാടില്ലെന്ന് റവന്യു അണ്ടര്‍ സെക്രട്ടറി ഉത്തരവിറക്കുകയായിരുന്നു. റിസോര്‍ട്ട് മാഫിയ ഫാം ഹൗസ് എന്ന പേരില്‍ ദുരുപയോഗം ചെയ്യുമെന്ന കണ്ടെത്തലാണ് സര്‍ക്കാര്‍ ഉന്നയിക്കുന്നത്.
ഏലം പട്ടയഭൂമിയില്‍ മാത്രമുള്ള നിര്‍മാണ നിരോധനം സിഎച്ച്ആര്‍ മേഖലയിലാകെ വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍.
26 വില്ലേജുകളാണ് നിലവില്‍ സിഎച്ച്ആറിന്റെ പരിധിയിലുള്ളത്. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്കിയ സത്യവാങ് മൂലത്തില്‍ ഈ വില്ലേജുകള്‍ കൂടാതെ 49,000 ഏക്കര്‍ ഭൂമി കൂടി സിഎച്ച്ആറിന്റെ പരിധിയിലാണെന്ന് തെറ്റായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഭൂവിഷയത്തില്‍ തനിക്കെതിരേ ഇടതുപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങള്‍ വസ്തുതാ വിരുദ്ധമാണ്.
ഇതുമായി ബന്ധപ്പെട്ട് ഏതെങ്കിലും കോടതിയില്‍ താന്‍ കേസ് നല്കി എന്ന് തെളിയിച്ചാല്‍ പരസ്യമായി മാപ്പ് പറഞ്ഞ് പൊതു പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും ബിജോ മാണി പറഞ്ഞു.
ഡിസിസി വൈസ്പ്രസിഡന്റ് മുകേഷ് മോഹന്‍, മണ്ഡലം പ്രസിഡന്റുമാരായ എം.എസ്. മഹേശ്വരന്, രാജേഷ് ജോസഫ്, ഡിസിസി മെംബര്‍ കെ.ആര്. രാമചന്ദ്രന്, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ആനന്ദ് തോമസ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.