ഷോപ്പ്സൈറ്റ് പട്ടയം: കോണ്ഗ്രസ് പ്രചാരണം അടിസ്ഥാനരഹിതം: കേരള കോണ്ഗ്രസ്-എം
1602010
Wednesday, October 22, 2025 11:40 PM IST
കട്ടപ്പന: ഷോപ്പ്സൈറ്റ് പട്ടയം നൽകുന്നതിന് നിയമതടസമുണ്ടെന്ന കോണ്ഗ്രസ് പ്രചാരണം വാസ്തവവിരുദ്ധമെന്ന് കേരള കോണ്ഗ്രസ്-എം. കേന്ദ്ര വനം-പരിസ്ഥിതി വകുപ്പിന്റെ അനുമതി പ്രകാരം സിഎച്ച്ആറിൽനിന്ന് ഒഴിവാക്കപ്പെട്ട 28,000ൽപ്പരം ഹെക്ടർ സ്ഥലത്താണ് 1993ലെ വനം കുടിയേറ്റം ക്രമീകരിക്കൽ നിയമപ്രകാരം പട്ടയം നൽകുന്നത്.
ഇത് നിയമാനുസൃതമാണെന്ന് ഹൈക്കോടതിയും സുപ്രീംകോടതിയും അംഗീകരിച്ചിട്ടുള്ളതാണ്. ഈ ഭൂമിയിൽ പട്ടയ നടപടികൾ പാടില്ലെന്ന് ഒരുകോടതിയും പറഞ്ഞിട്ടില്ല.
1993ലെ ചട്ടപ്രകാരം നൽകുന്ന പട്ടയങ്ങൾ നിയമവിധേയമാണെന്ന് സുപ്രീംകോടതിയും പറഞ്ഞിട്ടുണ്ട്. സുപ്രീംകോടതി നിയമവിധേയമെന്ന് കണ്ടെത്തിയ ഭൂമിയിൽ പട്ടയം നൽകാൻ നിയമപ്രശ്നമില്ല.
1964ലെ ചട്ടപ്രകാരം പട്ടയം നൽകിയ ഭൂമിയിൽ വാണിജ്യാടിസ്ഥാനത്തിലുള്ള നിർമാണം നിയമവിരുദ്ധമാണെന്ന പരാതി നൽകിയത് ഡിസിസി ജനറൽ സെക്രട്ടറി ബിജോ മാണിയാണ്.
ഇതോടെ ആ പട്ടയം റദ്ദാക്കപ്പെട്ടു. പരാതിയുടെ തിക്തഫലം ജനം അനുഭവിക്കുകയാണ്. പുതിയ വിവാദമുണ്ടാക്കി കുടിയേറ്റ കർഷകരെ ദ്രോഹിക്കാനുള്ള ശ്രമമാണിപ്പോൾ നടത്തുന്നത്.
രാഷ്ട്രീയ ലാഭത്തിനുവേണ്ടി തെറ്റായ പ്രചാരണം നടത്തുന്നത് കുടിയേറ്റ കർഷകർക്ക് തിരിച്ചടിയാകും.
നിയമസാധുത വിലയിരുത്തി കർഷകന് പട്ടയം നൽകാൻ സർക്കാർ തീരുമാനമെടുക്കുന്പോൾ വിവാദങ്ങൾ ഉയർത്തി ഇല്ലാതാക്കാൻ ശ്രമിക്കുന്നത് കർഷക താത്പര്യത്തിന് എതിരാണ്.
വിവാദമുണ്ടാക്കി പട്ടയ നടപടി ഇല്ലാതാക്കാനുള്ള കോണ്ഗ്രസ് നയം തിരുത്തണമെന്നും പാർട്ടി സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റിയംഗം അഡ്വ. മനോജ് എം. തോമസ്, കർഷക യൂണിയൻ ജില്ലാ പ്രസിഡന്റ് ബിജു ഐക്കര, സംസ്ഥാന കമ്മിറ്റിയംഗം ജോസ് എട്ടിയിൽ എന്നിവർ ആവശ്യപ്പെട്ടു.