"ചാണകം ഉണക്കാനിട്ടതിനു പിഴയടിച്ചതു പഞ്ചായത്തല്ല എൻഫോഴ്സ്മെന്റ്'
1602006
Wednesday, October 22, 2025 11:40 PM IST
കട്ടപ്പന: അണക്കര കുരുവിക്കാട്ടുപാറയിലെ റവന്യു പാറപ്പുറത്ത് ചാണകം ഉണക്കാനിട്ടതിനു ക്ഷീരകർഷകനു പഞ്ചായത്ത് പിഴ ചുമത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും എൻഫോഴ്മെന്റാണ് പിഴ ഇട്ടതെന്നും ചക്കുപള്ളം പഞ്ചായത്തു ഭരണസമിതി പത്രസമ്മേളനത്തിൽ അറിയിച്ചു.
വർഷങ്ങളായി മേഖലയിലെ നിരവധി ക്ഷീരകർഷകർ പാറപ്പുറത്താണ് ചാണകം ഉണക്കുന്നത്. ഏതാനും നാളുകളായി ഒരു ഫാമിലെ പച്ചച്ചാണകം പാറപ്പുറത്തു കൂട്ടിയിട്ടിരുന്നു. മഴക്കാലത്തു ചാണകം തോട്ടിലേക്ക് ഒലിച്ചെത്തി വെള്ളം മലിനമായതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. തോട്ടിലെ വെള്ളം ദൈനംദിന ആവശ്യങ്ങൾക്കു നിരവധി കുടുംബങ്ങൾ ഉപയോഗിക്കുന്നതാണ്. ദുർഗന്ധം അസഹ്യമായതോടെ സമീപത്തെ അന്പലത്തിലും പള്ളിയിലുമെത്തുന്നവരും എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. സാംക്രമിക രോഗങ്ങൾ പിടിപെടാനുള്ള സാധ്യത കണക്കിലെടുത്ത് ആരോഗ്യവകുപ്പ് പാറയിൽ ചാണകം തള്ളരുതെന്ന് നിർദേശിച്ചിരുന്നു.
എന്നാൽ, വീണ്ടും ചാണകം തള്ളിയതോടെ നാട്ടുകാരിൽ ചിലർ ജില്ലാ കളക്ടർക്കും എൻഫോഴ്സ്മെന്റിനും പരാതി നൽകി. എൻഫോഴ്സ്മെന്റ് പരിശോധന നടത്തിയാണ് ഫാം ഉടമ ഓലിക്കര ബിജുവിനെതിരേ 10,000 രൂപ പിഴ ചുമത്തിയത്. തുടർന്നാണ് പഞ്ചായത്തിൽനിന്നു നോട്ടീസ് നൽകിയതനുസരിച്ചു പിഴയൊടുക്കി ചാണകം നീക്കിയത്. ഇതേ പാറപ്പുറത്ത് ചാണകം തള്ളുന്ന മൂന്നുപേർക്കുകൂടി നോട്ടീസ് നൽകിയിരുന്നു. വണ്ടൻമേട് പഞ്ചായത്തിന്റെ പരിധിയിലുള്ള ഒരു പാറപ്പുറത്ത് ചാണകം ഇട്ട മറ്റൊരാൾക്കും പിഴ ചുമത്തിയിരുന്നു.
എന്നാൽ, ചക്കുപള്ളം പഞ്ചായത്ത് ക്ഷീരകർഷകർക്കെതിരാണെന്ന് വരുത്താനുള്ള ശ്രമമാണിപ്പോൾ നടക്കുന്നത്. പാലിന് ഇൻസെന്റീവ് നൽകാൻ 10 ലക്ഷവും കാലിത്തീറ്റ സബ്സിഡിയായി അഞ്ച് ലക്ഷവും എല്ലാവർഷം ക്ഷീരസംഘങ്ങൾ വഴി പഞ്ചായത്ത് നൽകിവരുന്നുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ കന്നുകുട്ടികളെയും വിതരണം ചെയ്തിരുന്നു.
ക്ഷീരകർഷകർക്കു ചാണകം ഉണങ്ങി സംസ്കരിക്കാൻ ക്ഷീരസംഘവും ശുചിത്വ മിഷനും ചേർന്നു പദ്ധതി രൂപീകരിച്ചിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള വ്യാജപ്രചാരണമാണ് നടക്കുന്നതെന്നും ഭരണസമിതി അംഗങ്ങളായ പ്രസിഡന്റ് ജോസ് പുതുമന, മുൻ പ്രസിഡന്റുമാരായ പി.കെ. രാമചന്ദ്രൻ, വി.ജെ. രാജപ്പൻ, പഞ്ചായത്തംഗം സൂസൻ മാത്യു എന്നിവർ അറിയിച്ചു.