ശാസ്ത്രവിസ്മയം ഇന്ന് ഇതൾ വിരിയും
1602015
Wednesday, October 22, 2025 11:40 PM IST
തൊടുപുഴ: കൗമാര ശാസ്ത്ര വിസ്മയങ്ങൾ ഇന്നും നാളെയുമായി തൊടുപുഴയിൽ ഇതൾ വിരിയും. റവന്യു ജില്ലാ സ്കൂൾ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഐടി, പ്രവൃത്തിപരിചയ മേളകൾക്ക് ഇന്നു തുടക്കമാകും. ശാസ്ത്രബോധവും അറിവും പ്രായോഗികതലത്തിൽ പരീക്ഷിക്കപ്പെടുന്ന വേദിയിൽ കുട്ടി ശാസ്ത്രജ്ഞരുടെ പുത്തനാശയങ്ങളും കണ്ടുപിടിത്തങ്ങളും കാണാനും അവസരമുണ്ടാകും.
ഇന്നു രാവിലെ 10ന് ഡോ. എപിജെ അബ്ദുൾ കലാം ഗവ. എച്ച്എസ്എസിൽ ഡീൻ കുര്യാക്കോസ് എംപി ശാസ്ത്രോത്സവം ഉദ്ഘാടനം ചെയ്യും. മുനിസിപ്പൽ കൗണ്‍സിലർ ജയലക്ഷ്മി ഗോപൻ അധ്യക്ഷത വഹിക്കും. കോട്ടയം ആർഡിഡി പി.എൻ.വിജി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ പി.സി. ഗീത സ്വാഗതം പറയും.
നാളെ വൈകുന്നേരം നാലിന് നടക്കുന്ന സമാപന സമ്മേളനം മുനിസിപ്പൽ ചെയർമാൻ കെ. ദീപക് ഉദ്ഘാടനം ചെയ്യും.
നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ജി. രാജശേഖരൻ അധ്യക്ഷത വഹിക്കും. തൊടുപുഴ ഉപജില്ലയിലെ വിവിധ സ്കൂളുകളിലാണ് മത്സരങ്ങൾ.
ശാസ്ത്രമേള, പ്രവൃത്തി പരിചയമേള എന്നിവ തൊടുപുഴ ഡോ. എപിജെ അബ്ദുൾ കലാം ഗവ. എച്ച്എസ്എസിലും ഗണിത ശാസ്ത്രമേള സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിലും സാമൂഹ്യ ശാസ്ത്രമേള ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലും ഐടി മേള മുതലക്കോടം സെന്റ് ജോർജ് ഹൈസ്കൂളിലും നടക്കും.
വിവിധ ഉപജില്ലകളിൽനിന്ന് 2200ഓളം മത്സരാർഥികൾ പങ്കെടുക്കും. ഇന്നു രാവിലെ 10ന് ഡോ. എപിജെ അബ്ദുൾ കലാം ഗവ. എച്ച്എസ്എസിൽ ഡീൻ കുര്യാക്കോസ് എംപി ശാസ്ത്രോത്സവം ഉദ്ഘാടനം ചെയ്യും. പ്രവൃത്തി പരിചയ മേള നാളെ നടക്കും. മേളയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.