സി.വി. വർഗീസിന് സ്ഥാപിത താത്പര്യം: യൂത്ത് കോണ്ഗ്രസ്
1602019
Wednesday, October 22, 2025 11:40 PM IST
തൊടുപുഴ: സിപിഎമ്മിന്റെ നേതൃത്വത്തിൽ ജില്ലയിൽ പ്രവർത്തിക്കുന്ന സെൽഫ് ഫിനാൻസിംഗ് നഴ്സിംഗ് കോളജുകൾക്ക് വേണ്ടിയാണ് ജില്ലാ സെക്രട്ടറി സി.വി. വർഗീസ് സർക്കാർ നഴ്സിംഗ് കോളജിനെതിരേ ഇറങ്ങിത്തിരിച്ചിരിക്കുന്നതെന്ന് യൂത്ത് കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് ഫ്രാൻസിസ് അറയ്ക്കപ്പറന്പിൽ ആരോപിച്ചു.
കളക്ടറുടെ നേതൃത്വത്തിൽ നടക്കേണ്ടിയിരുന്ന യോഗം മാറ്റി വയ്പ്പിച്ചാണ് സിപിഎം ഓഫിസിൽ യോഗം നടത്തിച്ചത്. വിദ്യാർഥികൾ പഠനം നിർത്തിപ്പോകണമെന്ന ഉദ്ദേശ്യത്തോടെയാണ് മാതാപിതാക്കളെ ഭീഷണിപ്പെടുത്തിയത്.
സ്വന്തം മണ്ഡലത്തിലെ നഴ്സിംഗ് കോളജിലെ വിദ്യാർഥികളുടെ പ്രശ്നം പരിഹരിക്കാൻ സിപിഎം ജില്ലാ സെക്രട്ടറിയുടെ ഓഫിസിൽ യോഗം ചേർന്ന വിവരം ജില്ലയിലെ മറ്റ് വിഷയങ്ങൾപോലെ മന്ത്രി റോഷി അഗസ്റ്റിൻ അറിഞ്ഞില്ലെന്ന് വേണം കരുതാൻ. സർക്കാർ നഴ്സിംഗ് കോളജിനെതിരേ നടക്കുന്ന നീക്കങ്ങളെ യൂത്ത് കോണ്ഗ്രസ് ശക്തമായി ചെറുക്കുമെന്ന് ജില്ലാ പ്രസിഡന്റ് പറഞ്ഞു.