ക്രമവിരുദ്ധ സ്ഥലംമാറ്റമെന്ന്: കൃഷി അസിസ്റ്റന്റുമാർ പ്രക്ഷോഭത്തിന്
1262736
Saturday, January 28, 2023 10:20 PM IST
തൊടുപുഴ: കോടതി ഇടപെട്ടിട്ടും കൃഷി അസിസ്റ്റന്റുമാരുടെ സ്ഥലംമാറ്റത്തിൽ ക്രമവിരുദ്ധതയും ഭരണാനുകൂല സംഘടനയുടെ സ്ഥാപിത താത്പര്യങ്ങളും നടക്കുന്നതായി അഗ്രികൾച്ചറൽ അസിസ്റ്റന്റ് അസോസിയേഷൻ ആരോപിച്ചു. 2021ൽ പൊതു സ്ഥലംമാറ്റം സോഫ്റ്റ് വെയർ ഇല്ലെന്നുള്ള കാരണം പറഞ്ഞു നടത്തിയില്ല. ജീവനക്കാർ കോടതിയെ സമീപിച്ചതിനെത്തുടർന്ന് 2022ലെ സ്ഥലംമാറ്റ നോട്ടിഫിക്കേഷൻ 2022 മാർച്ചിൽ പ്രസിദ്ധീകരിച്ചെങ്കിലും സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപിത നയമായ ഓണ്‍ലൈൻ സ്ഥലംമാറ്റം ഇതുവരെ നടന്നിട്ടില്ല.
കൃഷിവകുപ്പ് ഡയറക്ടറിൽനിന്ന് അഗ്രികൾച്ചറൽ അസിസ്റ്റന്റുമാരുടെ നിയമനവും സ്ഥലംമാറ്റവും ചില ഭരണാനുകൂല സംഘടനകളുടെ താത്പര്യപ്രകാരം ജില്ലാ തലത്തിലേക്കു മാറ്റി. ജില്ലാ അടിസ്ഥാനത്തിൽ സ്ഥലംമാറ്റം നടത്തുന്പോൾ അതേ ജില്ലയിലേക്കു മാത്രമാണ് അപേക്ഷിക്കാൻ സാധിക്കുക. മറ്റു ജില്ലകളിൽ കൂടുതൽ സേവനമനുഷ്ഠിച്ചവർക്ക് മാതൃജില്ലയിലേക്കു സ്ഥലംമാറ്റത്തിന് മുൻഗണന എന്ന നിബന്ധന പാലിക്കപ്പെടാത്തത് അടക്കം ചട്ടവിരുദ്ധമായാണ് ഉത്തരവുകൾ ഇറങ്ങുന്നത്.
ഒരു കൃഷിഭവനിൽ മൂന്ന് കൃഷി അസിസ്റ്റന്റുമാരുടെ തസ്തികയാണുളളത്. എന്നാൽ, ഇപ്പോഴത്തെ ഉത്തരവിൽ അഞ്ച് കൃഷി അസിസ്റ്റന്റുമാരെ വരെ നിയമിച്ചിട്ടുണ്ട്. രണ്ട് ഒഴിവുകളുള്ള ചിലയിടങ്ങളിൽ ഒരാളെ മാത്രം നിയമിച്ചതായും പരാതിയുണ്ട്. ശേഷിക്കുന്ന ഒഴിവിൽ ഓഫ് ലൈൻ ആയി ഇഷ്ടക്കാരെ തിരുകിക്കയറ്റാനുളള നീക്കമാണിത്. അപേക്ഷിച്ച എല്ലാ ജീവനക്കാർക്കും മാറ്റം നൽകിയിട്ടില്ല. ഒഴിവുകൾ നികത്താത്ത ഓഫീസുകളുമുണ്ട്.
പൊതു സ്ഥലംമാറ്റത്തിന്റെ സമയമല്ലാത്ത ജനുവരിയിൽ തലങ്ങും വിലങ്ങും ജീവനക്കാരെ മാറ്റിയതായും ഇതിനെതിരേ പ്രക്ഷോഭം നടത്തുമെന്നും അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ.ബി. പ്രസാദ് അറിയിച്ചു.