വീണ്ടും അരിക്കൊമ്പൻ; വീടു തകർത്തു
1263360
Monday, January 30, 2023 10:17 PM IST
രാജകുമാരി: ചിന്നക്കനാല്‍ 301 കോളനിയില്‍ വീണ്ടും അരിക്കൊമ്പൻ കാട്ടാനയുടെ ആക്രമണം. കഴിഞ്ഞ ദിവസം പുലര്‍ച്ചെ നാലോടെ 301 കോളനി അങ്കണവാടിക്കു സമീപം താമസിക്കുന്ന യശോധരന്റെ വീടു തകർത്തു. ശബ്ദം കേട്ട് യശോധരന് എഴുന്നേറ്റ് ലൈറ്റിട്ടപ്പോൾ ഒറ്റയാന് കുടിലിനു നേരെ പാഞ്ഞുവന്നു. ഓടിമാറിയ യശോധരന് സമീപത്തെ അങ്കണവാടിയിൽ കയറി രക്ഷപ്പെട്ടു. യശോധരന്റെ കുടില്‍ ഒറ്റയാന് പൂര്‍ണമായും തകര്‍ത്തു. ഒരാഴ്ചയ്ക്കിടെ ബിഎല്‍ റാമില്‍ രണ്ടു വീടുകളും പന്നിയാറിലെ റേഷന്‍ കടയും തകര്‍ത്ത അരിക്കൊന്പന് തന്നെയാണു യശോധരന്റെ കുടിലും തകര്‍ത്തതെന്നു നാട്ടുകാര്‍ പറയുന്നു.
301 കോളനിയില്‍ സര്‍ക്കാര്‍ കുടിയിരുത്തിയ ആദിവാസി കുടുംബങ്ങള്‍ കാട്ടാനയെ ഭയന്നു കോണ്‍ക്രീറ്റ് വീടുകള്‍ക്കു മുകളില്‍ കുടില്‍ കെട്ടിയാണു രാത്രി കഴിയുന്നത്. തുടർച്ചയായ കാട്ടാന ആക്രമണങ്ങൾമൂലം ഉറക്കമിളച്ച് ഇരിക്കേണ്ട അവസ്ഥയിലാണ് രണ്ടു പഞ്ചായത്തിലെ ജനങ്ങൾ.