ഉപ്പുതറ ഇടവക റോഡിനു ഭൂമി വിട്ടുനൽകി
1263405
Monday, January 30, 2023 11:02 PM IST
ഉപ്പുതറ: സഞ്ചരിക്കാൻ റോഡില്ലാത്തവർക്കു റോഡ് നിർമിച്ചു പള്ളിക്കമ്മിറ്റി. ഉപ്പുതറ സെന്റ് മേരീസ് ഇടവകയാണു ഉപ്പുതറ ക്വാർട്ടേഴ്സ് പടിയിലെ 10 കുടുംബങ്ങൾക്കു റോഡൊരുക്കി മാതൃകയായത്.
ഇവർക്കു സഞ്ചരിക്കാൻ ഒറ്റയടിപ്പാത മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഈ കുടുംബങ്ങളുടെ പുരയിടത്തിനു ചുറ്റും സ്വകാര്യഭൂമിയും ഒരു വശത്ത് പള്ളിവക ഭൂമിയുമാണ്. റോഡിനായി സ്വകാര്യ വ്യക്തികളെ വർഷങ്ങളായി സമീപിച്ചെങ്കിലും ആരും ഭൂമി വിട്ടുനൽകാൻ തയാറായില്ല.
ഈ കുടുംബങ്ങളുടെ ദുരവസ്ഥ ഉപ്പുതറ പഞ്ചായത്തംഗം സാബു വേങ്ങവേലി ഇടവക വികാരി ഫാ. ആന്റണി മണിയങ്ങാട്ടിന്റെ ശ്രദ്ധയിൽപ്പെടുത്തി. ഇടവക വികാരി ഇടവക കമ്മിറ്റിയിൽ അവതരിപ്പിക്കുകയും അനുകൂല തീരുമാനമുണ്ടാക്കുകയുമായിരുന്നു. ഇടവകയുടെ രണ്ടു സെന്റ് ഭൂമിയോളം റോഡിനായി വിട്ടുനൽകുകയും റോഡ് നിർമിക്കാൻ നേതൃത്വം വഹിക്കുകയും ചെയ്തു.
റോഡിന്റെ നിർമാണോദ്ഘാടനം ഫാ. ആന്റണി മണിയങ്ങാട്ട് നിർവഹിച്ചു. സാബു വേങ്ങവേലി, ലാൽ എബ്രഹാം, ജോയി താഴത്തുപറമ്പിൽ, വിൻസന്റ് കല്ലാനിക്കാട്ട് എന്നിവർ പങ്കെടുത്തു.