ഏലപ്പാറയിൽ ഡിവൈഎഫ്ഐ- യൂത്ത് കോൺഗ്രസ് സംഘർഷം
1265072
Sunday, February 5, 2023 9:24 PM IST
ഉപ്പുതറ: ഏലപ്പാറയിൽ വാഹന പാർക്കിംഗിനെചൊല്ലിയുണ്ടായ വാക്കുതർക്കത്തെത്തുടർന്ന് ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഡിവൈഎഫ്ഐ നേതാവിനും യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും പരിക്ക്. ശനിയാഴ്ച രാത്രിയാണ് സംഭവം. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ച രാത്രി ഏഴോടെ ഏലപ്പാറ സെൻട്രൽ ജംഗ്ഷനിൽ വാഹന പാർക്കിംഗുമായി ബന്ധപ്പെട്ടു വാക്കുതർക്കം ഉണ്ടായി. ഇതു പിന്നീട് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ഇതു പരിഹരിച്ചശേഷം രാത്രി ഒൻപതോടെ ഇതേവിഷയത്തിൽ വീണ്ടും വാക്കുതർക്കം ഉണ്ടാക്കുകയും ഇതു വലിയ രീതിയിലുള്ള സംഘർഷത്തിലേക്കു നീങ്ങുകയുമായിരുന്നു. ഇതിനിടെയാണു ഡിവൈഎഫ്ഐ നേതാവ് ബി. അനൂപിനും യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും പരിക്കേറ്റത്. അനൂപിന്റെ തലയ്ക്കാണു പരിക്കേറ്റത്. ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ കാല് ഒടിഞ്ഞു.
വാഹനം സൈഡ് കൊടുക്കുന്നതുമായി ബന്ധപെട്ട് വ്യക്തിപരമായി ഉണ്ടായ തർക്കമാണു സംഘർഷത്തിനു കാരണമെന്നും വിഷയത്തെ രാഷ്ട്രീയവത്കരിക്കാൻ ചിലർ ശ്രമിക്കുകയാണെന്നും യൂത്ത് കോൺഗ്രസ് ഏലപ്പാറ മണ്ഡലം പ്രസിഡന്റ് ടോണി കെ. മാത്യു പറഞ്ഞു.
ഡിവൈഎഫ്ഐയുടെ പരാതിയിൽ മൂന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരേ പീരുമേട് പോലീസ് കേസെടുത്തു.
സംഭവത്തിൽ പ്രതിഷേധിച്ചു ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ ഏലപ്പാറയിൽ പ്രകടനം നടത്തി.