പ്രതിരോധ കുത്തിവെപ്പ് ലഭിച്ചില്ല; കന്നുകാലിക്കു ചർമമുഴ
1265402
Monday, February 6, 2023 10:45 PM IST
കട്ടപ്പന: മൃഗാശുപത്രിയിൽനിന്നു പ്രതിരോധ കുത്തിവയ്പ് നടത്താത്തതുമൂലം കന്നുകാലിക്കു ചർമമുഴ. വാഴവര ചെമ്പകപ്പാറ പയ്യേലുമുറിയിൽ തോമസ് ചാക്കോയുടെ പശുവിനാണു ചർമമുഴ പിടിപെട്ടത്. അധികൃതരുടെ അനാസ്ഥമൂലമാണു രോഗം ബാധിച്ചതെന്നു തോമസ് ചാക്കോ പറയുന്നു.
മൂന്ന് ആഴ്ച മുമ്പാണു ചെറിയ രീതിയിൽ പശുവിന്റെ ശരീരത്തിൽ തടിപ്പു കണ്ടത്. ഉടൻതന്നെ കട്ടപ്പന മൃഗാശുപത്രി ഡോക്ടറെ വിവരം അറിയിക്കുകയും ഡോക്ടർ എത്തി മരുന്ന് നൽകുകയും ചെയ്തു. എന്നാൽ, ദിവസം കഴിയുംതോറും തടിപ്പ് കൂടിവന്നു. മൂന്നു ദിവസം മുന്പ് പശു കൂടുതൽ അവശതയിലായി.
നിരവധി മരുന്നുകൾ ഇതിനോടകം നൽകിയിട്ടും പശുവിന്റെ രോഗം ഭേദമാകാതെ വന്നതോടെ തോമസും കുടുംബവും ഏറെ ആശങ്കയിലാണ്. പശുക്കൾക്ക് നൽകുന്ന പ്രതിരോധ കുത്തിവയ്പ്പ് നൽകാത്തതാണ് രോഗബാധയ്ക്കു കാരണമെന്നും തോമസ് ചാക്കോ ആരോപിക്കുന്നു.
ദിവസവും 20ലധികം ലിറ്റർ പാൽ ലഭിച്ചിരുന്ന പശുവിനാണു രോഗം പിടിപെട്ടത്. പകരുന്ന രോഗമായതിനാൽ കൂട്ടിലുണ്ടായിരുന്ന മറ്റു പശുക്കൾക്കും ഈ രോഗം ബാധിക്കുമോ എന്ന ആശങ്കയിലാണ് കുടുംബം.