ജലപരിശോധനാ ലാബുകളിൽ നിരക്ക് കുറച്ചു
1265681
Tuesday, February 7, 2023 10:26 PM IST
ഇടുക്കി: ജില്ലയിൽ കേരള ജല അഥോറിറ്റിക്കു കീഴിലുള്ള ജലപരിശോധനാ ലാബുകളിൽ വാണിജ്യാവശ്യ ലൈസൻസിനുള്ള ജലപരിശോധനാ നിരക്കിൽ പ്രത്യേക പാക്കേജ് ഏർപ്പെടുത്തി. അഞ്ചു പാക്കേജുകളാണ് പുതുതായി നിലവിൽ വന്നത്.
പുതുക്കിയ നിരക്ക് പ്രകാരം 17 രാസ-ഭൗതിക ഘടകങ്ങൾ പരിശോധിക്കുന്നതിനു 2,450 രൂപയും ബാക്ടീരിയയുടെ സാന്നിധ്യം ഉൾപ്പെടെ ഒന്പതു ഘടകങ്ങൾ പരിശോധിക്കുന്നതിനു 1,590 രൂപയും ഈടാക്കും. കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം പരിശോധിക്കാൻ 625 രൂപയാകും. വിശദമായ പരിശോധനയ്ക്ക് ജില്ലാ ലാബിൽ 3,300 രൂപയും സബ് ജില്ലാ ലാബിൽ 2,230 രൂപയുമായിരുന്ന നിരക്കാണു കുറച്ചത്.
ഇടുക്കി മെഡിക്കൽ കോളജിനു സമീപമുള്ള ജില്ലാ ലബോറട്ടറി, തൊടുപുഴ, അടിമാലി പതിനാലാം മൈൽ, ചെറുതോണി ഉപജില്ലാ ലാബുകൾ എന്നിവയാണു ജില്ലയിൽ ജല അഥോറിറ്റിയുടെ ജലഗുണനിലവാര പരിശോധനാവിഭാഗത്തിനുള്ളത്. പ്രത്യേക ആവശ്യങ്ങൾക്കനുസരിച്ച് ഓരോരോ ഘടകങ്ങൾ മാത്രമായും പരിശോധിക്കാം. മൂന്നെണ്ണം വരെയുള്ള വ്യക്തിഗത ഘടക പരിശോധനാ നിരക്കിനൊപ്പം 100 രൂപ അധിക ഫിക്സഡ് ചാർജ് ശേഖരിക്കും.
ഗാർഹിക ആവശ്യത്തിനുള്ള പരിശോധനാ ഫീസായ 850 രൂപയിൽ മാറ്റമില്ല. ഇതിൽ ജൈവഘടകങ്ങൾ അടക്കം 19 ഘടകങ്ങൾ പരിശോധിക്കും. ജൈവഘടകങ്ങൾ മാത്രം പരിശോധിക്കുന്നതിനു 500 രൂപയാണു ഫീസ്.
സർക്കാർ, എയ്ഡഡ് സ്കൂളുകളിൽനിന്നുള്ള സാന്പിളുകൾ ഗാർഹിക വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
രാസ-ഭൗതിക രാസപരിശോധനയ്ക്കുള്ള വെള്ളം രണ്ടു ലിറ്ററിന്റെ ശുദ്ധമായ കാനിലും ബാക്ടീരിയോളജിക്കൽ പരിശോധനകൾക്കായി 200 മില്ലിലിറ്റർ വെള്ളം അണുവിമുക്തമായ ബോട്ടിലിലും ശേഖരിച്ച് ലാബിൽ എത്തിക്കണം.
ലൈസൻസ് ആവശ്യത്തിനു ഹെൽത്ത് ഇൻസ്പെക്ടർ എടുത്തുനൽകുന്ന വെള്ളത്തിനൊപ്പം സാക്ഷ്യപ്പെടുത്തിയ കത്തും കൊണ്ടുവരണം.