മാസ്റ്റർ പ്ലാനിനു പിന്നിൽ നഗരസഭ സബ് കമ്മിറ്റിയെന്നു ചെയർമാൻ
1266076
Wednesday, February 8, 2023 11:07 PM IST
തൊടുപുഴ: നഗരത്തിന്റെ വികസനത്തിനു കുതിപ്പേകാൻ നഗരസഭാ കൗണ്‍സിൽ സമർപ്പിച്ച ഭേദഗതിയോടു കൂടിയ മാസ്റ്റർ പ്ലാനിനു അംഗീകാരം ലഭിച്ചതു തങ്ങളുടെ ശ്രമഫലമാണെന്ന ചിലരുടെ അവകാശവാദം പൊള്ളയാണെന്നു നഗരസഭാ ചെയർമാൻ സനീഷ് ജോർജ് പത്രസമ്മേളനത്തിൽ പറഞ്ഞു.
2021 സെപ്റ്റംബർ 13നു പ്രസിദ്ധീകരിച്ച കരട് മാസ്റ്റർ പ്ലാനിനെതിരേ ആദ്യ ഘട്ടത്തിൽ വിവിധ തലങ്ങളിൽനിന്നു പ്രതിഷേധങ്ങളും പരാതികളും ഉയർന്നിരുന്നു. ജനങ്ങളുടെ ആശങ്ക മുന്നിൽകണ്ട് കൗണ്‍സിൽ സബ് കമ്മിറ്റി രൂപീകരിക്കുകയും 2022 മാർച്ച് 19 വരെ പരാതികൾ നൽകുന്നതിനു സമയം അനുവദിക്കുകയും ചെയ്തു. ഈ കാലയളവിൽð ലഭിച്ച 1,453 പരാതികൾ സബ്കമ്മിറ്റി 12 പ്രാവശ്യം യോഗം ചേർന്ന് പരിശോധിച്ചു കൃത്യമായി റിപ്പോർട്ട് തയാറാക്കി കൗണ്‍സിലിന്റെ അംഗീകാരത്തോടെ അനുമതിക്കായി നൽകിയ മാസ്റ്റർ പ്ലാനിനാണ് ഇപ്പോൾ അംഗീകാരം ലഭിച്ചിരിക്കുന്നത്.
എന്നാൽ, ജനങ്ങൾക്ക് ആശങ്കകൾ ഉണ്ടായിരുന്ന സമയത്ത് മാസ്റ്റർ പ്ലാൻ റദ്ദ് ചെയ്യണമെന്നും പുതിയ മാസ്റ്റർ പ്ലാൻ തയാറാക്കണമെന്നും ആവശ്യപ്പെട്ട് രംഗത്തെത്തിയവരാണ് ഇപ്പോൾ ഇതിന്റെ പിതൃത്വം ഏറ്റെടുത്തു രംഗത്തെത്തിയത്. 1984 മുതൽ നിലനിൽക്കുന്ന തൊടുപുഴ നഗരത്തിന്റെ ടൗണ്‍ പ്ലാനിംഗ് പദ്ധതികളായ തൊടുപുഴ സെന്റർ ഏരിയ വെസ്റ്റ്, ഈസ്റ്റ് എന്നിവ മാസ്റ്റർ പ്ലാൻ നിലവിൽ വരുന്നതോടെ റദ്ദ് ചെയ്യപ്പെടും. ഇതോടെ വർഷങ്ങളായി നിലച്ചിരുന്ന നിർമാണ പ്രവർത്തനങ്ങൾ ഈ മേഖലയിൽ സാധ്യമാകും. നഗരത്തിന്റെ മൊത്തത്തിലുള്ള വികസനം തടയുകയായിരുന്നു മാസ്റ്റർ പ്ലാൻ റദ്ദാക്കുക എന്ന ആവശ്യമുമായി നിന്നവരുടെ ലക്ഷ്യമെന്നും ചെയർമാൻ ആരോപിച്ചു.
പത്രസമ്മേളനത്തിൽ കൗണ്‍സിലർ ആർ. ഹരിയും പങ്കെടുത്തു.