ഉപ്പുതോട് ഉരുൾപൊട്ടലിൽ ജീവൻ നഷ്ടപ്പെട്ടവർക്കായി സ്മൃതിമണ്ഡപം
1279073
Sunday, March 19, 2023 10:17 PM IST
ചെറുതോണി: 2018ലെ മഹാപ്രളയത്തിൽ ഉപ്പുതോട്ടിലുണ്ടായ ഉരുൾപൊട്ടലിൽ ജീവൻ നഷ്ടപ്പെട്ട നാലു പേരുടെ ഓർമയ്ക്കായി സ്മൃതിമണ്ഡപമൊരുങ്ങി. ഉപ്പുതോട് പള്ളി വികാരി ഫാ. ഫിലിപ്പ് പെരുന്നാട്ടിന്റെ നേതൃത്വത്തിലാണ് പള്ളിപ്പരിസരത്ത് സ്മാരകം തീർത്തത്.
2018 ഓഗസ്റ്റ് 17 വെള്ളിയാഴ്ച രാത്രിയിലാണ് ഒരു വീട്ടിലെ മൂന്നു പേരടക്കം നാലു പേരുടെ ജീവൻ ഉരുൾ കവർന്നത്. അയ്യപ്പൻകുന്നേൽ മാത്യു, ഭാര്യ രാജമ്മ, മകൻ വിശാൽ, വിശാലിന്റെ സുഹൃത്തും അയൽവാസിയുമായ ടിന്റു മാത്യു എന്നിവരാണു മരിച്ചത്. ടിന്റുവിന്റെ അമ്മയുടെ കണ്ണീർ ഇന്നും തോർന്നിട്ടില്ല. അയ്യപ്പൻകുന്നേൽ
മാത്യുവിന്റെ മകൾ അന്ന് സ്ഥലത്തില്ലാതിരുന്നതിനാൽ ദുരന്തത്തിൽനിന്നു രക്ഷപ്പെട്ടിരുന്നു. മണ്ണിനടിയിൽപ്പെട്ടുപോയ രാജമ്മയുടെ മൃതദേഹം കണ്ടെടുക്കാനായിട്ടില്ല.
ഉരുൾപൊട്ടൽ ഭീഷണിയെത്തുടർന്ന് ഉപ്പുതോട് പള്ളിയിലെ ദുരിതാശ്വാസ ക്യാമ്പിലുള്ളവരെ ആശ്വസിപ്പിക്കുകയും ഭക്ഷണം വിളമ്പി നൽകുകയും ചെയ്ത ശേഷം രാത്രി ഇവർ 200 മീറ്റർ മാത്രം ദൂരമുള്ള വീട്ടിലെത്തിയതായിരുന്നു. അഞ്ചു മിനിറ്റിനുള്ളിൽ ഉരുൾപൊട്ടി വൻമലയടക്കം ഇവരുടെ വീട്ടിലേക്കു പതിക്കുകയായിരുന്നു. ഇവരുടെ മരണം നാട്ടുകാർക്ക് ഇന്നും വേദനിപ്പിക്കുന്ന ഓർമയാണ്.
ഉപ്പുതോട് പള്ളിസിറ്റിയിൽനിന്നു ദേവാലയത്തിലേക്കുള്ള റോഡിലൂടെ നടന്നാൽ വില്ലേജ് ഓഫീസിനു സമീപത്തായി പണി തീർത്തിരിക്കുന്ന സ്തൂപം ഒരു നോക്കു കാണാതെ ആർക്കും മുന്നോട്ടു പോകാനാവില്ല. ദീർഘകാലം ഉപ്പുതോട് പള്ളി വികാരിയായിരുന്ന, ഇപ്പോൾ വിശ്രമജീവിതം നയിക്കുന്ന ഫാ. ജോസ് കോയിക്കക്കുടിയാണ് സ്മാരകം അനാഛാദനം ചെയ്തത്.