സ്പെഷൽ ക്ലാസ് ഒരുക്കി കല്ലാർ സ്കൂൾ
1281323
Sunday, March 26, 2023 10:52 PM IST
അടിമാലി: ഞായറാഴ്ചകളിലും സ്പെഷൽ ക്ലാസ് ഒരുക്കി എസ്എസ്എൽസി പരീക്ഷക്കായി കുട്ടികളെ തയാറെടുപ്പിക്കുന്ന തിരക്കിലാണ് അധ്യാപകരും രക്ഷിതാക്കളും. കല്ലാർ ഗവ. ഹൈസ്കൂളിലെ 26 വിദ്യാർഥികൾക്ക് പരീക്ഷാക്കാലത്തും തീവ്രപരിശീലനമാണ് സ്കൂൾ ഹെഡ്മാസ്റ്റർ വിനോദിന്റെ നേതൃത്വത്തിലുള്ള അധ്യാപകർ നൽകന്നത്.
രാവിലെ 10 ന് ആരംഭിക്കുന്ന ക്ലാസ് രാത്രി എട്ടിനാണ് അവസാനിക്കുന്നത്. പഠനത്തിൽ പിന്നാക്കം നിൽക്കുന്നവരെ മറ്റു കുട്ടികൾക്കൊപ്പം എത്തിക്കുന്നതിനും കഴിഞ്ഞ നാലു വർഷമായി സ്കൂളിന്റെ നൂറു മേനി വിജയം ഇത്തവണയും ആവർത്തിക്കുന്നതിനുള്ള ശ്രമമാണ് നടന്നുവരുന്നത്.
ഈ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി പ്രസിഡന്റ് പി.ഡി. ജയന്റെ നേതൃത്വത്തിലുള്ള പിടിഎ കമ്മിറ്റിയുമുണ്ട്. കുട്ടികൾക്കും അധ്യാപകർക്കും മൂന്നു നേരം ഭക്ഷണവും ചായയും ലഘു ഭക്ഷണങ്ങളും പിടിഎ യുടെയും ജില്ലാ പഞ്ചായത്തിന്റെയും സഹായത്തോടെ നൽകുന്നുണ്ട്.
ഇന്നു നടക്കുന്ന കണക്ക് പരീക്ഷയ്ക്കുവേണ്ടി കുട്ടികൾക്ക് ഇന്നലെയും രാത്രി എട്ടു വരെ അധ്യാപകർ ക്ലാസെടുത്തു.