പോക്സോ കേസിൽ മൂന്നര വർഷം തടവ്
1282191
Wednesday, March 29, 2023 10:52 PM IST
തൊടുപുഴ: പതിമൂന്നുകാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിക്കു മൂന്നര വർഷം കഠിന തടവും 1,10,000 രൂപ പിഴയും ശിക്ഷ. കോട്ടയം ഇരവിമംഗലം കുഴിപ്പിള്ളിൽ ബിജോയി ജോസഫിനെ (49) ആണ് പോക്സോ സ്പെഷൽ കോടതി ജഡ്ജി നിക്സണ് എം. ജോസഫ് ശിക്ഷിച്ചത്. 2016 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം.
വീട്ടിലെത്തിയ പെണ്‍കുട്ടിയെ പ്രതി പീഡനത്തിന് ഇരയാക്കുകയായിരുന്നു. പെണ്‍കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയതിന് മൂന്നു വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും കുട്ടിയുടെ ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന് ആറു മാസം കഠിനതടവും പതിനായിരം രൂപ പിഴയുമാണ് ശിക്ഷിച്ചത്. പിഴ അടയ്ക്കാത്തപക്ഷം ഒരു മാസവും പത്തു ദിവസവും അധികതടവ് അനുഭവിക്കണം.
പെണ്‍കുട്ടിയുടെ പുനരധിവാസത്തിനായി രണ്ടു ലക്ഷം രൂപ നഷ്ടപരിഹാം ലഭ്യമാക്കാൻ ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റിക്കു കോടതി നിർദേശം നൽകി. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ബി. വാഹിദ ഹാജരായി.