ആശങ്കയൊഴിയാതെ ചിന്നക്കനാൽ
1282195
Wednesday, March 29, 2023 10:52 PM IST
തൊടുപുഴ: ചിന്നക്കനാൽ, ശാന്തന്‍പാറ പഞ്ചായത്തുകളിൽ ഭീതിവിതയ്ക്കുന്ന അരിക്കൊന്പനെന്ന കാട്ടാനയെ പിടികൂടാനുള്ള തീരുമാനത്തിനു കോടതി തടയിട്ടതോടെ പ്രദേശവാസികൾക്കിടയിൽ ആശങ്കവർധിക്കുന്നു. ഏറെനാളത്തെ കൂടിയാലോചനകൾക്കും ഒരുക്കങ്ങൾക്കും ശേഷമാണ് അരിക്കൊന്പനെ പിടികൂടി സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റാൻ തീരുമാനമായത്. വനംമന്ത്രി എ.കെ. ശശീന്ദ്രൻ ഇതുസംബന്ധിച്ച ചർച്ചകൾക്കായി രണ്ടു തവണ ജില്ലയിലെത്തിയിരുന്നു.
ആനയെ പിടികൂടി സുരക്ഷിതമായി കോടനാട് ആനപരിശീലന കേന്ദ്രത്തിലേക്കു കൊണ്ടുപോകുന്നതിനായി എല്ലാ സജ്ജീകരണങ്ങളും വനംവകുപ്പ് ഒരുക്കുകയും ചെയ്തിരുന്നു. ഇതിനായി 71 പേരടങ്ങുന്ന ദൗത്യസംഘമാണ് ചീഫ് വെറ്ററിനറി സർജൻ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിൽ ചിന്നക്കനാലിലെത്തിയത്.
ഇന്നലത്തെ കോടതിവിധി അനുകൂലമായാൽ ഇന്നു പുലർച്ചെ നാലിനു മയക്കുവെടിയുതിർക്കാനുള്ള തീരുമാനത്തിലായിരുന്നു സംഘം. എന്നാൽ, കോടതിയുടെ തീരുമാനം എതിരായതോടെ ഇതുവരെ നടത്തിയ എല്ലാ മുന്നൊരുക്കവും പാഴാകുന്ന സ്ഥിതിയാണ്.
മിഷൻ അരിക്കൊന്പനു 10 ലക്ഷത്തോളം രൂപ ചെലവു വരുമെന്നാണ് വനംവകുപ്പ് കണക്കാക്കിയിരുന്നത്. എന്നാൽ, ദൗത്യം നീണ്ടുപോകുന്നതുമൂലം ചെലവ് ഇരട്ടിയായി വർധിക്കും. ദൗത്യത്തിന്റെ ഭാഗമായി നാലു കുങ്കിയാനകളെ സ്ഥലത്ത് എത്തിച്ചിട്ടു ദിവസങ്ങളായി.
വനപാലകസംഘവും കുങ്കിയാനകളും സ്ഥലത്തുതന്നെ തുടരണമെന്ന കോടതിനിർദേശവും തിരിച്ചടിയായി. ഏറെ പരിമിതമായ സാഹചര്യങ്ങളിൽ എത്രദിവസം ദൗത്യസംഘം ഇവിടെ തുടരേണ്ടിവരുമെന്ന ആശങ്കയുമുണ്ട്. ആനയെ മയക്കുവെടി വയ്ക്കാനുള്ള എല്ലാ സാഹചര്യവും ഒത്തുവന്ന അവസരമാണ് കോടതി ഇടപെടലിലൂടെ നഷ്ടമായത്.
വനംവകുപ്പ് കഴിഞ്ഞ ദിവസം നടത്തിയ കണക്കെടുപ്പിൽ ചിന്നക്കനാൽ, ശാന്തന്‍പാറ പഞ്ചായത്തുകളിൽ 2005 മുതൽ 2023 വരെ 180-ഓളം കെട്ടിടങ്ങൾ അരിക്കൊന്പൻ തകർത്തതായാണ് കണ്ടെത്തിയത്. ഇതിൽ 23 കെട്ടിടങ്ങൾ ഈ വർഷം തകർത്തതാണ്. നഷ്ടപരിഹാരത്തിന് വനംവകുപ്പിൽ ലഭിച്ച അപേക്ഷകളുടെ കണക്കാണിത്. ആക്രമണത്തിൽ വീടുകളും മറ്റും തകർന്നുവീണു മുപ്പതോളം പേർക്കു പരിക്കേൽക്കുകയും ചെയ്തു. നൂറോളം പേരുടെ ഏക്കർകണക്കിനു കൃഷിയും നശിപ്പിച്ചു. നിരവധി വാഹനങ്ങളും തകർത്തിട്ടുണ്ട്.
2010 മുതൽ 2013 മാർച്ച് 25 വരെ ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിലായി 29 പേർ കാട്ടാനകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതായും കണക്കുകൾ വ്യക്തമാക്കുന്നു. ഈ വിവരങ്ങളെല്ലാം കോടതിയെ ധരിപ്പിച്ചിട്ടും അനുകൂല വിധിയുണ്ടാകാത്തതിൽ കടുത്ത നിരാശയിലാണ് പ്രദേശവാസികൾ.