പുറന്പോക്ക് ഭൂമി നഗരസഭ ഏറ്റെടുത്തു
1282197
Wednesday, March 29, 2023 10:57 PM IST
തൊടുപുഴ: ചാലിക്കടവിനു സമീപം സ്വകാര്യവ്യക്തി കൈവശം വച്ചിരുന്ന 27 സെന്റ് പുഴ പുറന്പോക്ക് ഭൂമി നഗരസഭ തിരിച്ചുപിടിച്ചു. ലക്ഷങ്ങൾ വിലമതിക്കുന്ന ഭൂമിയിൽ ഉദ്യാനം പോലെയുള്ള നിർമാണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു.
എന്നാൽ, സ്ഥലം കൈയേറിയതല്ലെന്നും കാടുപിടിച്ചുകിടന്ന ഭൂമിയിൽ സാമൂഹ്യവിരുദ്ധശല്യം ഒഴിവാക്കുന്നതിനായി വൃത്തിയാക്കുകയാണ് ചെയ്തതെന്നും സ്വകാര്യവ്യക്തി അറിയിച്ചതായി നഗരസഭാ അധികൃതർ പറഞ്ഞു.
നഗരസഭ 23-ാം വാർഡിൽ പുഴയോരം കൈയേറിയതായി നഗരസഭയിൽ പരാതി ലഭിച്ചിരുന്നു. താലൂക്ക് സർവേയർ വന്ന് അളന്നപ്പോൾ ഇതു പുഴ പുറന്പോക്കാണെന്നു ബോധ്യപ്പെടുകയും ചെയ്തു. തുടർന്ന് സ്ഥലം ഏറ്റെടുക്കാൻ കളക്ടറും നിർദേശം നൽകി. ഇതോടെ സ്ഥലം ഏറ്റെടുത്ത് നഗരസഭ അധികൃതർ ബോർഡ് സ്ഥാപിച്ചു.
അനധികൃത കൈയേറ്റങ്ങൾക്കും നിർമാണ പ്രവർത്തനങ്ങൾക്കും എതിരേ തുടർന്നും കർശന നടപടി സ്വീകരിക്കുമെന്നു നഗരസഭാ ചെയർമാൻ സനീഷ് ജോർജ് അറിയിച്ചു.