കേന്ദ്രത്തിന്റെ സാന്പത്തികനയം രാജ്യത്തെ തകർക്കുന്നു: കാനം
1282201
Wednesday, March 29, 2023 10:57 PM IST
തൊടുപുഴ: കേന്ദ്രത്തിന്റെ നവലിബറൽ സാന്പത്തിക നയങ്ങൾ രാജ്യത്തിന്റെ സർവ മേഖലയെയും തകർക്കുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സിപിഐ ജില്ലാ സെക്രട്ടറി കെ. സലിംകുമാർ നയിക്കുന്ന രാഷ്ട്രീയ പ്രചാരണ ജാഥയുടെ സമാപന സമ്മേളനം തൊടുപുഴയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭിന്നിപ്പിച്ചു ഭരിച്ചുള്ള രാഷ്ട്രീയമാണ് അവർ നിരന്തരം നടപ്പിലാക്കുന്നത്. രാജ്യത്തെ മതന്യൂനപക്ഷങ്ങൾക്കെതിരേ ആക്രമണം അഴിച്ചുവിടുകയാണ്. എന്നാൽ, ഇത്തരം ആക്രമണങ്ങൾക്കെതിരെ ശബ്ദമുയർത്തേണ്ടവർ അതിനെ കണ്ടില്ലെന്നു നടിക്കുകയാണ്.
ജില്ലയെ സംബന്ധിച്ചിടത്തോളം പട്ടയ പ്രശ്നങ്ങളും വന്യമൃഗശല്യവും കർഷകരെ വലയ്ക്കുന്നുണ്ട്. ഇത്തരം വിഷയങ്ങളിൽ സർക്കാർ ഉചിതമായ തീരുമാനം നടപ്പാക്കിവരികയാണ്.
കർഷകരുടെ ഭൂമിക്ക് അവകാശം നൽകാനും നിയമഭേദഗതിയിലൂടെ ജില്ലയിലെ ജനങ്ങൾ അനുഭവിക്കുന്ന ഭൂപ്രശ്നങ്ങളിലും പരിഹാരം കാണാനുമാണ് സർക്കാർ കരട് തയാറാക്കിയത്. ആരെതിർത്താലും ഇത് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ കൗണ്‍സിലംഗം മുഹമ്മദ് അഫ്സൽ അധ്യക്ഷത വഹിച്ചു. കെ.കെ. അഷറഫ്, കെ. സലിംകുമാർ, കെ.കെ. ശിവരാമൻ, ജയ മധു, പ്രിൻസ് മാത്യു, ജോസ് ഫിലിപ്പ്, വാഴൂർ സോമൻ എംഎൽഎ, പി. പളനിവേൽ,മാത്യൂ വർഗീസ്, വി.ആർ. പ്രമോദ് എന്നിവർ പ്രസംഗിച്ചു.