പട്ടിശേരി ഡാം പുനരധിവാസം: പട്ടയം കൈമാറി
1282893
Friday, March 31, 2023 10:56 PM IST
ഇടുക്കി: പട്ടിശേരി അണക്കെട്ട് നിർമാണവുമായി ബന്ധപ്പെട്ട് ഭൂരഹിതരായ ഏഴു കുടുംബങ്ങൾക്ക് പട്ടയം കൈമാറി. നാലു പതിറ്റാണ്ടായി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് താമസമാക്കിയിരുന്നവരാണ് സ്വന്തം ഭൂമിയുടെ അവകാശികളായിരിക്കുന്നത്. കാന്തല്ലൂർ വില്ലേജിലാണ് ഇവർക്ക് അഞ്ചു സെന്റ് വീതം സർക്കാർ ഭൂമി പതിച്ചുനൽകിയത്.
ജില്ലാ കളക്ടർ ഷീബ ജോർജിന്റെ നിർദേശപ്രകാരം ദേവികുളം തഹസിൽദാർ വി. ഗോപിനാഥപിള്ളയാണ് പട്ടയം കൈമാറിയത്. ആർ. മണികണ്ഠൻ, പിച്ചമ്മ, വേലമ്മാൾ, ഗണേശൻ, ലക്ഷ്മണൻ, രാമത്തായ്, മാരിയമ്മാൾ എന്നിവരുടെ കുടുംബങ്ങൾക്കാണ് ഭൂമി ലഭിച്ചത്. ഇവർക്കുള്ള വീടുകൾ ഇറിഗേഷൻ വകുപ്പിന്റെ സഹകരണത്തോടെ നിർമിക്കും.
കാവേരി നദീതട തർക്ക പരിഹാര ട്രിബൂണലിന്റെ വിധി പ്രകാരം പാന്പാർ നദീതടത്തിൽനിന്ന് ജലം കേരളത്തിനു പ്രയോജനപ്പെടുന്ന പദ്ധതി കൂടിയാണ് പട്ടിശേരി അണക്കെട്ട്.
ഡെപ്യൂട്ടി തഹസിൽദാർ കവിത നായർ, ഭൂരേഖ തഹസിൽദാർ എം.ജി. മുരളീധരൻ നായർ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു പട്ടയം കൈമാറിയത്.