തൊടുപുഴയിൽ 11 പേർക്കും പീരുമേട്ടിൽ രണ്ടുപേർക്കും ഇടിമിന്നലിൽ പരിക്ക്
1299024
Wednesday, May 31, 2023 11:03 PM IST
തൊടുപുഴ: കനത്ത മഴയോടൊപ്പമുണ്ടായ ശക്തമായ ഇടിമിന്നലിൽ 11 പാറമടത്തൊഴിലാളികൾക്കും രണ്ട് എസ്റ്റേറ്റ് തൊഴിലാ ളികൾക്കും പരിക്കേറ്റു. തൊടു പുഴയിൽ 11 പേർക്കും പീരുമേട്ടി ൽ രണ്ടു പേർക്കുമാണ് പരിക്ക േറ്റത്. തൊടുപുഴ ആലക്കോട് കച്ചിറപ്പാറയിൽ അടുത്ത നാളിൽ പ്രവർത്തനമാരംഭിച്ച പെരുന്പാവൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഫൈവ് സ്റ്റാർ ഗ്രാനൈറ്റ്സ് എന്ന പാറമടയിലാണ് അപകടമുണ്ടായത്. മഴയെത്തുടർന്ന് പാറമടയിലെ താത്കാലിക ഷെഡിൽ വിശ്രമിക്കുകയായിരുന്ന തൊഴിലാളികൾക്കാണ് മിന്നലേറ്റത്. ഒരാൾ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ വൈകുന്നേരം മൂന്നരയോടെയായിരുന്നു സംഭവം.
മൂന്നാർ കള്ളിപ്പാറ സ്വദേശി പ്രകാശ് (18), കൊല്ലം അച്ചൻകോവിൽ സ്വദേശി അഖിലേഷ് (25), എരുമേലി മരുത്തിമൂട്ടിൽ അശ്വിൻ മധു (22), തമിഴ്നാട് കുമാരലിംഗപുരം സ്വദേശികളായ ധർമലിംഗം (31), വിജയ് (31), സൂര്യ (20), ജയൻ (55), പൂപ്പാറ സ്വദേശി രാജ (45), മറയൂർ സ്വദേശി മഥനരാജ് (22), പെരുന്പാവൂർ സ്വദേശികളായ ആശോകൻ (50), ജോണ് (32) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെല്ലാം തൊടുപുഴയിലെ മൂന്ന് സ്വകാര്യ ആശുപത്രികളിലായി ചികിത്സയിലാണ്.
ഇതിൽ ഹൃദയ സംബന്ധമായി അസ്വസ്ഥത ഉണ്ടായ രാജയെയും മഥനരാജിനെയും തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. പ്രകാശിന്റെ നെഞ്ചിലും മുതുകിലും പൊള്ളലേറ്റു. ബാക്കിയുള്ളവരുടെ പരിക്ക് സാരമുള്ളതല്ല.
ഉച്ചകഴിഞ്ഞ് ശക്തമായ മഴ പെയ്തതോടെ ഭക്ഷണം കഴിക്കാനും വിശ്രമിക്കുന്നതിനുമായി നിർമിച്ച സമീപത്തെ താത്കാലിക ഷെഡിൽ തൊഴിലാളികൾ കയറിയിരുന്നു. ഷെഡിനുള്ളിൽ തറയിലും സ്റ്റൂളിലുമായിരുന്ന് സംസാരിക്കുന്നതിനിടെയാണ് ശക്തമായ ഇടിമിന്നലുണ്ടായത്. ഇതിന്റെ ആഘാതത്തിൽ എല്ലാവരും തറയിലേക്ക് തെറിച്ചുവീണു. പലരും നെഞ്ചിടിച്ചാണ് തറയിലേക്ക് വീണത്. ഈ സമയം ഷെഡിലുണ്ടായിരുന്ന ലോറി ഡ്രൈവർ ആലക്കോട് സ്വദേശി ജോബിൻ ജോസ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ജോബിനും ഷെഡിന് പുറത്തുണ്ടായിരുന്ന പാറമടയിലെ അക്കൗണ്ടന്റ് പോളും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പാറമടയിലുണ്ടായിരുന്ന കാറിൽ പരിക്കേറ്റ മൂന്നുപേരെ ആദ്യം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിലേക്ക് വരുന്നതിനിടെ ഇവർ ആലക്കോട് ടൗണിലുണ്ടായിരുന്നവരെ വിവരമറിയിച്ചു. തുടർന്ന് തൊടുപുഴയിൽനിന്നും ഇടവെട്ടിയിൽനിന്നും ആംബുലൻസുകൾ എത്തിയാണ് പരിക്കേറ്റവരെയെല്ലാം ആശുപത്രിയിൽ എത്തിച്ചത്. വിവരമറിഞ്ഞ് തൊടുപുഴ അഗ്നിരക്ഷാസേനയും പോലീസും സ്ഥലത്തെത്തി .
പീരുമേട്ടിൽ കാവക്കുള സ്വദേശികളായ ശാന്തി (45), അമുദ ജയകുമാർ(46) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ പീരുമേട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. കാവക്കുളത്തെ സ്വകാര്യ എസ്റ്റേറ്റ് തൊഴിലാളികളാണ് ഇരുവരും. എസ്റ്റേറ്റിൽ ജോലി ചെയ്തു കൊണ്ടിരിക്കുന്പോഴാണ് മിന്നലേറ്റത്.