റേഷൻ പച്ചരി വെള്ളത്തിലിട്ടപ്പോൾ വയലറ്റ്!
1337828
Saturday, September 23, 2023 11:19 PM IST
മുട്ടം: റേഷൻ കടയിൽ നിന്ന് വാങ്ങിയ പച്ചരി കഴുകാനായി വെള്ളത്തിൽ ഇട്ടപ്പോൾ വയലറ്റ് നിറമായത് വീട്ടുകാരെ ആശങ്കയിലാഴ്ത്തി.
മുട്ടത്തുള്ള റേഷൻ കടയിൽ നിന്ന് പ്രദേശവാസിയും വ്യാപാരിയുമായ ഉപയോക്താവ് ഏതാനും ദിവസങ്ങൾക്ക് മുൻപ് വാങ്ങിയ പച്ചരി വെള്ളിയാഴ്ച വൈകുന്നേരമാണ് കഴുകാൻ വെള്ളത്തിൽ ഇട്ടത്. എന്നാൽ ശക്തമായ മഴ പെയ്തതിനെ തുടർന്ന് വോൾട്ടേജ് കൂടി മിക്സി പൊട്ടിത്തെറിച്ചതിനാൽ പച്ചരി മിക്സിയിൽ അരക്കാൻ കഴിഞ്ഞില്ല. എന്നാൽ ഇന്നലെ രാവിലെ നോക്കിയപ്പോൾ വെളുത്ത നിറമുള്ള പച്ചരി വയലറ്റ് നിറത്തിലായതായാണ് വീട്ടുകാർ കാണുന്നത്.
ഇത് സംബന്ധിച്ച് ഇന്നലെ ഉച്ചക്ക് ശേഷം മൂന്നോടെ വീട്ടുടമസ്ഥൻ ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ തിരുവനന്തപുരം കമ്മീഷണർ ഓഫീസിലേക്ക് ഫോണിൽ വിളിച്ച് പരാതി അറിയിച്ചു. ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ ഇടുക്കിയിലെ ഉദ്യോഗസ്ഥന്റെ മൊബൈൽ നന്പർ കൊടുത്ത് ആ നന്പരിൽ വിളിച്ചറിയിക്കാൻ പരാതി നിർദേശിച്ചു. വീട്ടുടമ ഉടൻ അസിസ്റ്റന്റ് കമ്മീഷണറുടെ മൊബൈൽ നന്പറിൽ വിളിച്ച് വിവരം അറിയിച്ചു. തൊടുപുഴയിലുള്ള ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥൻ തിരികെ വിളിക്കുമെന്നും അദ്ദേഹത്തെ കാര്യങ്ങൾ അറിയിച്ചാൽ മതിയെന്നും സാന്പിൾ പരിശോധനക്ക് അയക്കുന്നതിനായി അരി സൂക്ഷിച്ച് വയ്ക്കണമെന്നും നിർദേശം ലഭിച്ചു.
എന്നാൽ പിന്നീട് ഇന്നലെ രാത്രി വരെ ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥർ വീട്ടുകാരെ ഫോണിൽ വിളിക്കുകയോ കാര്യങ്ങൾ തിരക്കുകയോ ചെയ്തില്ല. ഭക്ഷ്യ വസ്തുവിനെ സംബന്ധിച്ച പരാതിയിൽ അന്വേഷണം നടത്താൻ തയാറാകാത്ത അധികൃതരുടെ നടപടിയിൽ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. എന്നാൽ തൊടുപുഴയിലുള്ള മൊത്ത വിതരണ സംഭരണ കേന്ദ്രത്തിൽ നിന്ന് എത്തിക്കുന്ന ഭക്ഷ്യസാധനങ്ങളാണ് വിതരണം ചെയ്യുന്നതെന്ന് റേഷൻ കടയുടമ പറഞ്ഞു.