ഡയാലിസിസ് യൂണിറ്റ് തകരാർ: ആശുപത്രിയിൽ രോഗികളുടെ പ്രതിഷേധം
1338493
Tuesday, September 26, 2023 10:56 PM IST
തൊടുപുഴ: ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിന്റെ പ്രവർത്തനം പ്രതിസന്ധിയിലായതോടെ രോഗികൾ ആശുപത്രിക്കു മുന്നിൽ പ്രതിഷേധിച്ചു. ഇന്നലെ രാവിലെ മുതൽ ഉച്ച വരെയാണ് ഡയാലിസിസ് ചെയ്യുന്ന രോഗികളടക്കം അൻപതോളം പേർ ആശുപത്രിക്കു മുന്നിൽ തടിച്ചുകൂടിയത്.
തങ്ങൾക്ക് നേരത്തേ ലഭിച്ചിരുന്ന ചികിത്സ പഴയ രീതിയിൽ ലഭിക്കുന്നില്ലെന്നും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നുവെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. ജില്ലാ ആശുപത്രിയിലെ പകുതിയോളം ഡയാലിസിസ് യൂണിറ്റുകൾ പ്രവർത്തനരഹിതമായതോടെ നൂറുകണക്കിനാളുകളാണ് ദുരിതത്തിലായത്.
ഡയാലിസിസ് യൂണിറ്റിന്റെ യുപിഎസ് തകരാറിലായതാണ് പ്രതിസന്ധിക്ക് കാരണം. നിലവിൽ ആശുപത്രിയിലുള്ള 13 യൂണിറ്റുകളിൽ ഏഴു യൂണിറ്റുകൾ മാത്രമാണ് പ്രവർത്തിക്കുന്നത്. ഇതുമൂലം സാധാരണക്കാരായ രോഗികൾക്ക് ഡയാലിസിസിനായി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണ്.
ദിനംപ്രതി നാൽപതോളം രോഗികളാണ് ഡയാലിസിസിനായി തൊടുപുഴ ജില്ലാ ആശുപത്രിയെ ആശ്രയിക്കുന്നത്. ഒരു രോഗിക്ക് നാലു മണിക്കൂറാണ് ഡയാലിസിസിനുള്ള സമയം. ഇപ്പോൾ ഏഴു യൂണിറ്റുകൾ പ്രവർത്തിക്കുന്നതിനാൽ ഷിഫ്റ്റ് അനുസരിച്ച് ഒരു രോഗിക്ക് മൂന്നു മണിക്കൂറാണ് ഡയാലിസിസിനു വേണ്ടി വരുന്നത്.
സമയം കുറയുന്നത് മൂലം പല തരത്തിലുള്ള പ്രയാസങ്ങൾ നേരിടുന്നുണ്ടെന്ന് രോഗികൾ പറഞ്ഞു. പല തവണ ആശുപത്രി അധികൃതരടക്കമുള്ളവരോട് വിഷയം ചൂണ്ടിക്കാട്ടിയെങ്കിലും നടപടിയുണ്ടായിട്ടില്ല.