സഹകരണമേഖലയെ തകർക്കാനുള്ള ശ്രമം തിരിച്ചറിയണം: പാക്സ്
1338820
Wednesday, September 27, 2023 11:31 PM IST
തൊടുപുഴ: സഹകരണ മേഖലയെ തകർക്കാൻ കേന്ദ്ര സർക്കാരും നിക്ഷിപ്ത താത്പര്യക്കാരും സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളും നടത്തുന്ന ശ്രമങ്ങൾ സഹകാരികൾ തിരിച്ചറിയണമെന്ന് പ്രൈമറി അഗ്രികൾച്ചറൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് അസോസിയേഷൻ ജില്ലാ ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
സംസ്ഥാനത്ത് 1638 പ്രാഥമിക സഹകരണസംഘങ്ങളാണുള്ളത്. ചില സഹകരണസ്ഥാപനങ്ങളിൽ നടന്നിട്ടുള്ള ഒറ്റപ്പെട്ട ക്രമക്കേടുകൾ സർക്കാർ ഗൗരവത്തോടെയാണ് കാണുന്നത്. ജില്ലയിലെ 22 പ്രാഥമിക സഹകരണ ബാങ്കുകളിലായി 2,441 കോടിയുടെ നിക്ഷേപമാണുള്ളത്. എന്നാൽ, ബാങ്കുകൾ നൽകിയിട്ടുള്ള വായ്പ 4,496 കോടിയാണ്.
ഇതിൽ 774 കോടിയുടെ കാർഷിക വായ്പയും 3,722 കോടിയുടെ കാർഷികേതര വായ്പയുമാണ്. 1592 സ്ഥിരം ജീവനക്കാരും അതിലേറെ താത്കാലിക ജീവനക്കാരും ജില്ലയിലെ സഹകരണസ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നുണ്ട്.
വീടും സ്ഥലവും നഷ്ടപ്പെട്ട ആളുകൾക്ക് 242 വീടുകൾ കെയർ ഹോം പദ്ധതി പ്രകാരം ജില്ലയിൽ നിർമിച്ച് നൽകിയിട്ടുണ്ട്.
സാമൂഹ്യ സുരക്ഷാപെൻഷനുകൾ ജില്ലയിലെ സഹകരണ സ്ഥാപനങ്ങൾ വഴി കൊടുക്കുന്നത് പ്രതിവർഷം 64.36 കോടി രൂപയാണ്. കർഷക കടാശ്വാസകമ്മീഷൻ ഇളവുകൾ അനുവദിക്കുന്നത് സഹകരണ സ്ഥാപനങ്ങൾ വഴി നൽകുന്ന വായ്പകൾക്ക് മാത്രമാണ്.
പത്രസമ്മേളനത്തിൽ ജില്ലാ സെക്രട്ടറി റോമിയോ സെബാസ്റ്റ്യൻ. പ്രസിഡന്റ് കെ. ദീപക്, ടോമി കാവാലം, സുരേഷ് ബാബു, ആർ.പ്രശോഭ് എന്നിവർ പങ്കെടുത്തു.