കമ്പംമെട്ട് ചെക്ക് പോസ്റ്റിൽ താത്കാലിക ആർടിഒ ചെക്ക് പോസ്റ്റ് തുടങ്ങാനുള്ള അനുമതി പിൻവലിച്ചു
1374535
Thursday, November 30, 2023 12:59 AM IST
നെടുങ്കണ്ടം: കമ്പംമെട്ട് ചെക്ക് പോസ്റ്റിൽ മണ്ഡലകാലത്ത് താത്കാലിക ആർടിഒ ചെക്ക് പോസ്റ്റ് തുടങ്ങാൻ നൽകിയ അനുമതി മണിക്കൂറുകൾക്കകം സർക്കാർ പിൻവലിച്ചു. ഇതോടെ ചെക്ക് പോസ്റ്റ് ആരംഭിക്കാൻ തയാറാക്കിയ ഷെഡ് ഉൾപ്പെടെയുള്ളവ പൊളിച്ചു മാറ്റേണ്ട അവസ്ഥയിലാണ് അധികൃതർ.
കഴിഞ്ഞ ദിവസമാണ് കമ്പംമെട്ടിൽ എല്ലാ വർഷത്തെയും പോലെ താത്കാലിക മോട്ടോർ വാഹന വകുപ്പ് ചെക്ക് പോസ്റ്റ് തുറക്കാൻ ഇടുക്കി ആർടിഒയ്ക്ക് ട്രാൻസ്പോർട്ട് അസി. കമ്മീഷണറുടെ നിർദേശം ലഭിച്ചത്. ഇന്ന് ചെക്ക് പോസ്റ്റ് തുറക്കാനായിരുന്നു നിർദേശം. ഇതനുസരിച്ച് രണ്ടു ദിവസം കൊണ്ട് ഓഫീസിന് ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കി. ആർടിഒ ചെക്ക്പോസ്റ്റിന്റെ ബോർഡുകൾ സഹിതം സ്ഥലത്ത് എത്തിച്ചു. എന്നാൽ, മണിക്കൂറുകൾക്കകം ചെക്ക് പോസ്റ്റ് തുറക്കേണ്ട എന്നുള്ള നിർദേശം വന്നു.
താത്കാലിക ചെക്ക് പോസ്റ്റ് തുറക്കാത്തതു മൂലം ദുരിതമനുഭവിക്കുന്നത് ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന അയ്യപ്പ ഭക്തരാണ്. ഇതര സംസ്ഥാനങ്ങളിൽനിന്നു വരുന്ന വാഹനങ്ങളുടെ പെർമിറ്റ്, ടാക്സ്, സെസ് തുടങ്ങിയവ ചെക്ക് പോസ്റ്റിൽ സ്വീകരിക്കാനാകാത്ത സാഹചര്യമുണ്ടാകും. പെർമിറ്റില്ലാതെ പോകുന്ന വാഹനങ്ങൾ അപകടത്തിൽപ്പെട്ടാൽ ഇൻഷ്വറൻസ് ലഭിക്കാത്ത സാഹചര്യവുമുണ്ട്.
ചെക്ക് പോസ്റ്റിൽനിന്ന് മുൻവർഷം 75 ലക്ഷം രൂപയുടെ വരുമാനം ലഭിച്ചിരുന്നു. കോവിഡിനു മുമ്പ് ശബരിമല തീർഥാടന കാലത്ത് താത്കാലിക ആർടിഒ ചെക്ക് പോസ്റ്റിൽ 2.8 കോടി രൂപ വരെ നികുതി ലഭിച്ചിരുന്നു.