കാട്ടാന ആക്രമണം: പ്രതിഷേധക്കടലിരന്പലിൽ മൂന്നാർ മുങ്ങി
1396050
Wednesday, February 28, 2024 2:47 AM IST
നികേഷ് ഐസക്
മൂന്നാർ: കാട്ടാനയുടെ ചവിട്ടേറ്റ് ഓട്ടോറിക്ഷാ ഡ്രൈവർ മണി എന്നു വിളിക്കുന്ന സുരേഷ്കുമാർ മരിച്ച സംഭവം സൃഷ്ടിച്ച സങ്കട-പ്രതിഷേധ തിരമാലകളിൽ മൂന്നാർ മുങ്ങിത്താഴ്ന്നു. സംഭവത്തിൽ പ്രതിഷേധിച്ച് എൽഡിഎഫ്, യുഡിഎഫ് മുന്നണികൾ ആഹ്വാനം ചെയ്ത ഹർത്താലിൽ മൂന്നാർ നിശ്ചലമായി.
രാവിലെ മുതൽ റോഡിൽ നിലയുറപ്പിച്ച ഹർത്താൽ അനുകൂലികൾ ഗതാഗതം തടഞ്ഞതോടെ നിരത്തുകൾ വിജനമായി. റോഡുകളിൽ വാഹനങ്ങൾ നിർത്തിയിട്ടും നാട്ടുകാർ റോഡിൽ കുത്തിയിരുന്നുമായിരുന്നു പ്രതിഷേധം. ഇതോടെ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു.
കണ്ണീരുണങ്ങാതെ മൂന്നാർ
തമിഴ്നാട്ടിൽനിന്നു വിവാഹച്ചടങ്ങിനെത്തിയ തമിഴ്നാട് സ്വദേശിയെ കാട്ടാന ചവിട്ടിക്കൊന്നതിന്റെ നടുക്കം മാറും മുന്പേ കാട്ടാനക്കലിപ്പിൽ മൂന്നാർ വീണ്ടും കണ്ണീരിൽ മുങ്ങി. തിങ്കളാഴ്ച രാത്രി 9.30 ഓടെയാണ് നാടിനെ ദുഃഖത്തിലാഴ്ത്തിയ ദാരുണ സംഭവം ഉണ്ടായത്.
യാത്രക്കാരുമായി വീട്ടിലേക്കുപോയ ഓട്ടോറിക്ഷ കാട്ടാനയുടെ മുന്പിൽപ്പെടുകയായിരുന്നു.മുന്നിൽപ്പെട്ട ഓട്ടോറിക്ഷ ആന തുന്പിക്കൈകൊണ്ട് അമർത്തിയതോടെ ഓട്ടോറിക്ഷ തകർന്നുപോയി. റോഡിൽ വീണു കിടന്ന ഡ്രൈവർ സുരേഷിനെ കാട്ടാന തുന്പിക്കൈകൊണ്ട് ഉയർത്തി ചുഴറ്റിയെറിയുകയായിരുന്നു.
ഈ സമയത്ത് എസ്റ്റേറ്റിലെ ജീപ്പ് അവിയെയെത്തി. ജീപ്പിലെ യാത്രക്കാർ ബഹളമുണ്ടാക്കി കാട്ടാനയെ മാറ്റിയതിനുശേഷം രക്തത്തിൽ കുളിച്ച് കിടന്ന സുരേഷിനെ ആശുപത്രിയിലെത്തിക്കാൻ സാധിച്ചത്.
യോഗേശ്വരന് രണ്ടാം ജന്മം
കന്നിമല എൽപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥി യോഗേശ്വരൻ തിങ്കളാഴ്ചയുണ്ടായ ആന ആക്രമണത്തിൽ നിന്നു രക്ഷപ്പെട്ടത് ഒരു നിമിത്തം പോലെയാണ്. സാധാരണ ഓട്ടം കഴിഞ്ഞ് ഏഴിനുവീട്ടിൽ എത്തുന്ന സുരേഷ് രണ്ടു കിലോമീറ്റർ അകലെയുള്ള ഫാക്ടറിയിലെ ഒന്പതിനുള്ള ഷിഫ്റ്റ് പൂർത്തിയാക്കുന്ന തൊഴിലാളികളെ കൊണ്ടുവരുന്നതിനായി പതിവായി പോകുന്പോൾ മകൻ യോഗേശ്വരനെയും കൂട്ടിനായി ഒപ്പം കൂട്ടുമായിരുന്നു.
അപ്പനോടൊപ്പമുള്ള യാത്ര യോഗേശ്വരന് പ്രിയപ്പെട്ടതായിരുന്നു. ഒരു ഉൾവിളിയെന്നോണം സംഭവദിവസം സുരേഷ് മകനെ ഒപ്പംകൂട്ടിയില്ല. ഒറ്റയ്ക്കുപോയ സുരേഷ് യാത്രക്കാരുമായി മടങ്ങുന്പോൾ ആനയുടെ മുന്പിൽ അകപ്പെടുകയായിരുന്നു.
നടുക്കത്തിൽ എസക്കിരാജ
മൂന്നാറിലെ ഇറച്ചിവില്പന വ്യാപാര കേന്ദ്രത്തിലെ ജീവനക്കാരനായ എസക്കിരാജയും കുടുംബവും ദാരുണ സംഭവം നേരിട്ടു കണ്ടതിന്റെ ആഘാതത്തിൽനിന്ന് ഇനിയും മുക്തമായിട്ടില്ല. എസക്കിരാജ, ഭാര്യ റെജീന, മകൾ പ്രിയ എന്നിവരും രണ്ട് ഇതര സംസ്ഥാന തൊഴിലാളികളുമാണ് യാത്രയിൽ ഉണ്ടായിരുന്നത്.
തങ്ങളെ എന്നും വീട്ടിലെത്തിക്കുന്ന സുരേഷിനെ ആന ആക്രമിക്കുന്നതുകണ്ട് ഒന്നുറക്കെ നിലവിളിക്കാൻപോലുമായില്ലെന്ന് ഇവർ പറയുന്നു. മൂന്നുപേരും ഇതുവരെ ആശുപത്രി വിട്ടിട്ടില്ല.
വഴി തെളിയാതെ വനംവകുപ്പ്
ഒന്നിനു പുറകേ ഒന്നായി വന്യജീവി ആക്രമണങ്ങൾ പതിവായിട്ടും അതിനു പരിഹാരം കണ്ടെത്താനാവാതെ കുഴങ്ങുന്ന വനംവകുപ്പ് സംഭവത്തിൽ വലിയ പ്രതിഷേധമാണ് നേരിടുന്നത്. മൂന്നാർ ടൗണിൽതന്നെ വനംവകുപ്പ് ഓഫീസ് ഉണ്ടായിരുന്നിട്ടും ഒരു ഉദ്യോഗസ്ഥൻപോലും സംഭവസ്ഥലത്തോ ആശുപത്രിയിലെ എത്താതിരുന്നതു പ്രതിഷേധത്തിന്റെ ഗൗരവം വർധിപ്പിക്കുകയാണ്.
കൈയടക്കി കാട്ടാനക്കൂട്ടം
ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്തിയ ഭാഗത്ത് കാട്ടാനക്കൂട്ടം വീണ്ടും നിലയുറപ്പിച്ചതു തൊഴിലാളികളിൽ ഭീതി നിറയ്ക്കുന്നുണ്ട്. കുട്ടിക്കൊപ്പമാണ് മൂന്നംഗ കാട്ടാനക്കൂട്ടത്തെ കണ്ടെത്തിയത്. എസ്റ്റേറ്റ് ലയത്തിന് 500 മീറ്റർ അകലെമാത്രം നിൽക്കുന്ന കാട്ടാനകൾ കഴിഞ്ഞ ഒരു മാസക്കാലമായി ഈ പ്രദേശത്തു തന്നെയാണ് തുടരുന്നത്.
ഓട്ടോഡ്രൈവർ സുരേഷ് കൊല്ലപ്പെട്ട സ്ഥലത്തിനും തൊഴിലാളികൾ താമസിക്കുന്ന ലയത്തിന് ഒരു കിലോമീറ്റർ അകലെയാണ് കുട്ടിയാന അടക്കം മൂന്നംഗ സംഘത്തെ കണ്ടെത്തിയത്.
കൃത്യമായ ആസൂത്രണം വേണം
ദുരന്തമുണ്ടാകുന്പോൾ സർക്കാർ പ്രഖ്യാപിക്കുന്ന നഷ്ടപരിഹാരത്തുകയിൽ ദുരന്തങ്ങളുടെ ആഘാതം ഇല്ലാതാക്കാനാകില്ല. ഇനിയും മറ്റൊരു ജീവൻ പൊലിയാതിരിക്കാൻ സർക്കാർ കൃത്യമായ ആസൂത്രണവും പദ്ധതികളും നടപ്പിലാക്കണമെന്നാണ് തൊഴിലാളികൾ ആവശ്യപ്പെടുന്നത്.
ജോലി ആവശ്യങ്ങൾക്കും പഠന ആവശ്യങ്ങൾക്കും ദിവസവും അപകടവഴികളിൽകൂടി സഞ്ചരിക്കാൻ നിർബന്ധിതമായ സാഹചര്യമാണ് തൊഴിലാളികൾക്കുള്ളത്. പലപ്പോഴും യാത്രകൾക്കായി ആശ്രയിക്കുന്നത് ഓട്ടോ, ബൈക്ക് പോലുള്ള വാഹനങ്ങളാണ്. മറ്റു വാഹനങ്ങളെ അപേക്ഷിച്ച് താരതമ്യേന വെട്ടം കുറവായതിനാൽ ബൈക്ക്, ഓട്ടോ തുടങ്ങിയ വാഹനങ്ങളിൽ യാത്രചെയ്യുന്പോൾ അപകട സാധ്യത ഏറെയാണ്.
പ്രതാപത്തിന് മങ്ങലേൽക്കുന്പോൾ
പടയപ്പ, അരിക്കൊന്പൻ, ചില്ലിക്കൊന്പൻ, ഹോസുകൊന്പൻ, ഒറ്റക്കൊന്പൻ, ഗണേഷൻ, മണികണ്ഠൻ തുടങ്ങി ഒരു കൂട്ടം ആനകൾക്ക് നാട്ടുകാർ ഓമനപ്പേരിട്ടിട്ടുണ്ടെങ്കിലും കാലമേറുന്പോൾ ആ പ്രിയം കുറഞ്ഞു വരുന്നതാണ് കാണുന്നത്.
പ്രിയപ്പെട്ടതും സൗമ്യസ്വഭാവമുള്ളതുമായ പല ആനകളും പിന്നീട് ആക്രമണകാരികളായി മാറുന്നത് സമീപകാലത്തെ പതിവു കാഴ്ചകളാണ്. സൗമ്യസ്വഭാവം വിട്ട് പ്രായമേറുന്പോൾ ആക്രമണത്തിലേക്ക് തിരിയുന്ന വന്യമൃഗശീലം തിരിച്ചടിയാകുമെന്ന ആശങ്കയാണ് ഇപ്പോൾ തൊഴിലാളികൾക്കുള്ളത്.