കരിമണ്ണൂർ പള്ളിയിൽ നാൽപ്പതുമണി ആരാധന ആരംഭിച്ചു
1396055
Wednesday, February 28, 2024 2:47 AM IST
കരിമണ്ണൂർ: സെന്റ് മേരീസ് ഫൊറോന പള്ളിയിൽ നാൽപ്പതുമണി ആരാധനയ്ക്കു തുടക്കമായി. രൂപത വികാരി ജനറാൾ മോണ്‍. ഫ്രാൻസിസ് കീരംപാറ വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകി. തുടർന്നു പ്ലാറ്റിനം ജൂബിലി പിന്നിട്ട നാൽപ്പതുമണി ആരാധനയിൽ നെയ്യശേരി, മുളപ്പുറം, പള്ളിക്കാമുറി, ചെപ്പുകുളം, മലയിഞ്ചി, പെരിങ്ങാശേരി, ഉപ്പുകുന്ന് ഇടവകകളിലെയും വിവിധ സ്കൂളുകളിലെയും സന്യാസഭവനങ്ങളിലെയും അംഗങ്ങൾ പങ്കെടുത്തു.
ആദ്യദിനത്തിലെ ആരാധനയ്ക്കു സമാപനം കുറിച്ച് ഇടുക്കി രൂപതാധ്യക്ഷൻ മാർ ജോണ്‍ നെല്ലിക്കുന്നേൽ വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകി. ജ്വലിക്കുന്ന ഹൃദയവും ചലിക്കുന്ന പാദങ്ങളുമായി പ്രവർത്തിക്കാൻ നമുക്ക് ശക്തി ലഭിക്കുന്നതു ദിവ്യകാരുണ്യത്തിൽനിന്നാണ്. അതു നമ്മെ രൂപാന്തരപ്പെടുത്തുന്ന ശക്തിയാണെന്ന് ബിഷപ് പറഞ്ഞു.
ഇന്നു രാവിലെ 6.15നു വിശുദ്ധ കുർബാന, സന്ദേശം-ഫാ. ജോർജ് ചേറ്റൂർ. എട്ടു മുതൽ 4.15വരെ ദിവ്യകാരുണ്യ ആരാധന. ചീനിക്കുഴി, ചിലവ്, തട്ടക്കുഴ, ഉടുന്പന്നൂർ ഇടവകകളും സിഎംഎൽ, ജീസസ് യൂത്ത്, വിൻസെന്റ് ഡിപോൾ, പ്രാർഥനാഗ്രൂപ്പ്, കെസിവൈഎം, എകെസിസി എന്നിവയുടെ നേതൃത്വത്തിൽ ആരാധന. 4.30നു റവ. ഡോ.മാത്യു മഞ്ഞക്കുന്നേൽ വിശുദ്ധകുർബാനയർപ്പിച്ച് സന്ദേശം നൽകും.
നാളെ രാവിലെ 6.15നു വിശുദ്ധകുർബാന, സന്ദേശം-ഫാ.സോട്ടർ പെരിങ്ങാരപ്പിള്ളി. എട്ടുമുതൽ പത്തുവരെ ആരാധന.പാരിഷ് കൗണ്‍സിൽ അംഗങ്ങൾ, മുൻ ട്രസറ്റിമാർ എന്നിവർ നേതൃത്വം നൽകും.
പത്തിന് ആരാധനയ്ക്ക് സമാപനം കുറിച്ച് ബിഷ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ വിശുദ്ധകുർബാനയർപ്പിച്ച് സന്ദേശം നൽകും. 11.30നു ദിവ്യകാരുണ്യ പ്രദക്ഷിണം. 12.30നു സമാപന പ്രാർഥനയും ദിവ്യകാരുണ്യ ആശിർവാദവും നടക്കും.
കരിമണ്ണൂർ ഇടവകയ്ക്ക് സ്വപ്നസാഫല്യം
കരിമണ്ണൂർ: നാൽപ്പതുമണി ആരാധനയുടെ പ്ലാറ്റിനം ജൂബിലി പിന്നിട്ട കരിമണ്ണൂർ സെന്റ് മേരീസ് ഫൊറോന പള്ളി ജീവകാരുണ്യ പ്രവർത്തനങ്ങളിലേക്ക് കടക്കുന്പോൾ ഇടവക സമൂഹത്തിന് സ്വപ്നസാഫല്യം. പ്ലാറ്റിനം ജൂബിലി സ്മാരകമായി നിർമിക്കുന്ന രണ്ട് ഭവനങ്ങളുടെ താക്കോൽദാനവും മറ്റ് രണ്ടുഭവനങ്ങളുടെ ശിലാസ്ഥാപനവും ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ നാളെ നിർവഹിക്കും.
നൽപ്പതുമണി ആരാധനയുടെ സമാപനത്തോടനുബന്ധിച്ചാണ് ഭവനങ്ങളുടെ താക്കോൽദാനവും ശിലാസ്ഥാപനവും നിർവഹിക്കുന്നത്. ഫൊറോന വികാരി റവ.ഡോ.സ്റ്റാൻലി പുൽപ്രയിൽ, അസി.വികാരി ഫാ.ജോസഫ് വടക്കേടത്ത്, കൈക്കാരൻമാരായ ചെറിയാൻ വെളിയത്ത്, ജെനീഷ് പട്ടേരിപറന്പിൽ എന്നിവർ നേതൃത്വം നൽകും.