ദുരിതജീവിതത്തിനു വിട; ആകാശ് പീസ്വാലിയുടെ തണലിൽ
1396056
Wednesday, February 28, 2024 2:47 AM IST
തൊടുപുഴ: വണ്ണപ്പുറം എഴുപതേക്കറിൽ മലമുകളിലെ വീട്ടിൽ ദുരിത ജീവിതം നയിച്ചിരുന്ന ഭിന്നശേഷിക്കാരനായ ആകാശ് ജോയി (15) ഇനി പീസ്വാലിയുടെ തണലിൽ. സമാനതകൾ ഇല്ലാത്ത ദുരിതജീവിതമാണ് ആകാശ് നയിച്ചിരുന്നത്.
സെറിബ്രൽ പാൾസി ബാധിതനായ ആകാശിന് പരസഹായമില്ലാതെ പ്രഥമിക കാര്യങ്ങൾപോലും ചെയ്യാനാവാത്ത അവസ്ഥയായിരുന്നു. തീവ്ര മാനസികരോഗിയാണ് ആകാശിന്റെ അമ്മ. അമ്മയെ ഇടയ്ക്കിടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്പോൾ ആകാശ് ഏകാന്തതയുടെ തുരുത്തിലാകും. പിതാവ് ജോയ് കൂലിപ്പണിക്കു പോകുന്നതു മൂലമാണ് കുടുംബം കഴിയുന്നത്. വീട്ടിലെ പൊട്ടിപ്പൊളിഞ്ഞ തറയിലാണ് ആകാശ് മിക്ക സമയവും കഴിയുന്നത്.
ഇളംദേശം ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ. ആൽബർട്ട് ജോസാണ് കുടുംബത്തിന്റെ ദുരവസ്ഥ പീസ്വാലിയെ അറിയിച്ചത്. വിവരം അറിഞ്ഞയുടൻ വണ്ണപ്പുറത്ത് വീട്ടിലെത്തിയ പീസ്വാലി ഭാരവാഹികൾ ആകാശിനെ ഏറ്റെടുക്കാൻ തീരുമാനിക്കുകയായിരുന്നു. മലമുകളിലെ വീട്ടിൽനിന്നു ചെങ്കുത്തായ ഒറ്റയടിപ്പാതയിലൂടെ തോളിൽ ചുമന്നാണ് ആകാശിനെ താഴ്വാരത്ത് എത്തിച്ചത്.
ഭിന്നശേഷിക്കാർക്കായുള്ള പീസ്വാലിയിലെ സെന്റർ ഫോർ അസിസ്റ്റഡ് ലിവിംഗ് ആൻഡ് മെമ്മറി കെയർ വിഭാഗത്തിലാണ് ആകാശിനെ പ്രവേശിപ്പിച്ചത്. പീസ്വാലി ഭാരവാഹികളായ ഷെഫിൻ നാസർ, കെ.എം. അബ്ദുൾ മജീദ്, കെ.എം. അക്ബർ, അഡ്വ. ആൽബർട്ട് ജോസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടികൾ.