കുഴഞ്ഞു വീണ യുവാവിന് രക്ഷകരായി ബസ് ജീവനക്കാർ
1396585
Friday, March 1, 2024 3:28 AM IST
തൊടുപുഴ: ബസ് യാത്രയ്ക്കിടെ കുഴഞ്ഞു വീണ യുവാവിനെ അതേ ബസിൽത്തന്നെ ആശുപത്രിയിലെത്തിച്ചു. തൊടുപുഴ -മലയിഞ്ചി റൂട്ടിലോടുന്ന പാലാഴി ബസിലെ യാത്രക്കാരനായിരുന്ന ചീനിക്കുഴി സ്വദേശി അരുണി (35) നാണ് ബസിൽവച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
ബസിൽ കുഴഞ്ഞു വീണ് അബോധാവസ്ഥയിലായ യുവാവിനെ ഡ്രൈവർ ജിമ്മി, കണ്ടക്ടർ ബിജോ എന്നിവരുടെ നേതൃത്വത്തിൽ ബസിൽ തന്നെ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആശുപത്രി ജീവനക്കാർ ഉടൻ തന്നെ യുവാവിനെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ബസിലെ പതിവു യാത്രക്കാരനാണ് യുവാവെന്നു ബസ് ജീവനക്കാർ പറഞ്ഞു.
ഇന്നലെ രാവിലെ ഒൻപതോടെ തൊടുപുഴ -ഉടുന്പന്നൂർ റൂട്ടിൽ പട്ടയം കവലയിൽ ആയിരുന്നു സംഭവം. യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ചികിൽസ ഉറപ്പാക്കിയ ശേഷമാണ് മറ്റു യാത്രക്കാരുമായി ബസ് പുറപ്പെട്ടത്. പിന്നീട് അരുണിന്റെ ബന്ധുക്കൾ ആശുപത്രിയിലെത്തി.
ചികിൽസയിൽ കഴിയുന്ന യുവാവ് സുഖം പ്രാപിച്ചു വരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.