വാഹനം ആക്രമിച്ച് വീണ്ടും പടയപ്പ
1396780
Saturday, March 2, 2024 2:58 AM IST
മൂന്നാര്‍: രണ്ടു ദിവസം മുമ്പു മൂന്നാര്‍ ഉദുമൽപേട്ട അന്തര്‍ സംസ്ഥാന പാതയില്‍ ചരക്കു ലോറി തടഞ്ഞ് കേടുപാടുകള്‍ വരുത്തിയതിനു പിന്നാലെ കഴിഞ്ഞ ദിവസം ഇതേ റോഡില്‍ സഞ്ചരിക്കുകയായിരുന്ന തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോർപറേഷന്റെ ബസ് തടഞ്ഞു പടയപ്പ ആക്രമണം നടത്തി.
മൂന്നാറില്‍നിന്നു പഴനിക്കു പോകുകയായിരുന്നു ബസ് രാത്രി 9.30 ഒാടെയാണ് ഒമ്പതാം മൈലില്‍ കാട്ടാന തടഞ്ഞത്. വഴി തടഞ്ഞു നിലയുറപ്പിച്ച പടയപ്പ പല തവണ തുമ്പിക്കൈ വാഹനത്തുള്ളിലേക്ക് ഇടാന്‍ ശ്രമിച്ചു.
വാഹനത്തിന്റെ ചില്ല് തകര്‍ന്നു. ഭയചകിതരായ യാത്രക്കാര്‍ ബഹളം വയ്ക്കുകയും ഉച്ചത്തില്‍ ഹോണ്‍ മുഴക്കി പിന്തിരിപ്പിക്കുവാന് ശ്രമിച്ചെങ്കിലും ഏറെ സമയത്തിനു ശേഷമാണ് കാട്ടാന പിന്മാറിയത്.
കാട്ടാനയ്ക്കു മദപ്പാട് ഉള്ളതായി സംശയിക്കുന്നതായും പ്രത്യേകം നിരീക്ഷിച്ചു വരുന്നതായും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. രണ്ടു ദിവസം മുമ്പു നയമക്കാട് ഇതേ ഭാഗത്തു നിലയുറപ്പിച്ചിരുന്ന പടയപ്പ തൊട്ടടുത്ത ദിവസം കിലോമീറ്ററുകള്‍ സഞ്ചരിച്ച് തലയാറിലെ കുടകുമുടിയില് എത്തിയിരുന്നെങ്കിലും വീണ്ടും മടങ്ങിയെത്തി.