വന്യജീവി ആക്രമണം: നഷ്ടപരിഹാരം നൽകാൻ പ്രത്യേക അഥോറിറ്റി വേണമെന്ന്-ഡീന്‍ കുര്യാക്കോസ്
1396782
Saturday, March 2, 2024 2:58 AM IST
തൊടുപുഴ: വന്യജീവി ആക്രമണത്തിൽ സർക്കാരിന്റെ ഉറപ്പുകളല്ല അടിയന്തര നടപടികളാണ് ആവശ്യമെന്ന് ഡീൻ കുര്യാക്കോസ് എംപി പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. വന്യജീവി ആക്രമണത്തിന് ഇരയായവർക്ക് അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കാൻ പ്രത്യേക അഥോറിറ്റി രൂപീകരിക്കാൻ അടിയന്തര നടപടിയുണ്ടാകണം.
മൂന്നാർ, ചിന്നക്കനാൽ മേഖലയിൽ വന്യജീവി ആക്രമണത്തിന് ഇരയായ പലരും കടുത്ത ദുരിതത്തിലാണ്. വാഗ്ദാനം ചെയ്ത നഷ്ടപരിഹാരം പോലും ഇതുവരെ പലർക്കും ലഭിച്ചിട്ടില്ല. ഇക്കാര്യത്തിൽ വനംവകുപ്പ് സ്വന്തം ഇഷ്ടപ്രകാരമാണ് കാര്യങ്ങൾ ചെയ്യുന്നത്.
കാട്ടാനശല്യം രൂക്ഷമായ മൂന്നാർ-ചിന്നക്കനാൽ പ്രദേശത്തിനു പ്രത്യേക പാക്കേജ് നടപ്പാക്കണം. ചിന്നക്കനാൽ റിസർവ് ഫോറസ്റ്റ് വിജ്ഞാപനം റദ്ദുചെയ്ത് പുതിയ വിജ്ഞാപനം പുറപ്പെടുവിക്കണം.
മതികെട്ടാൻചോല സ്ഥിതിചെയ്യുന്നപ്രദേശത്തിന്റെ ബഫർസോണിൽ നിലവിലുള്ള വിജ്ഞാപനം റദ്ദുചെയ്ത് സീറോ ബഫർസോണായി നിജപ്പെടുത്താനും നടപടിയുണ്ടാകണം.
പട്ടയപ്രശ്നത്തിൽ ഹൈക്കോടതിയുടെ ഉത്തരവ് മറികടക്കാൻ സർക്കാർ ഒരുനടപടിയും സ്വീകരിക്കാത്ത സാഹചര്യമാണ്. കൈയേറ്റഭൂമിക്ക് പട്ടയം നൽകിയിട്ടില്ലെന്ന സത്യവാങ് മൂലം കോടതിയിൽ നൽകാൻ സർക്കാർ മടിക്കുകയാണ്. എൽഡിഎഫ് നേതാക്കൻമാരുടെ കൈയേറ്റം മറയ്ക്കാനാണിത്.
ലോക്സഭ തെരഞ്ഞെടുപ്പിൽ ജില്ലയിലെ വന്യജീവി ആക്രമണം ഉൾപ്പെടെയുള്ള മുഴുവൻ പ്രശ്നങ്ങളും പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുമെന്നും കഴിഞ്ഞ തവണത്തെക്കാൾ ഭൂരിപക്ഷം നേടുമെന്നും ഡീൻ പറഞ്ഞു. ജനകീയ പ്രശ്നങ്ങളിൽ സർക്കാർ ഇരട്ടത്താപ്പാണ് സ്വീകരിക്കുന്നതെന്നും ഭരണത്തിലുള്ള പാർട്ടി മൂന്നാറിൽ ഹർത്താൽ പ്രഖ്യാപിച്ചത് എന്തിനാണെന്നു വ്യക്തമാക്കണമെന്നും ഡിസിസി പ്രസിഡന്റ് സി.പി. മാത്യു ആവശ്യപ്പെട്ടു.
ഇടുക്കിയിലെ ജനങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് ശാശ്വതപരിഹാരം കാണുംവരെ ശക്തമായ സമരവുമായി രംഗത്തുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. നേതാക്കളായ ജോണ്‍ നെടിയപാല, കെ.എസ്.അരുണ്‍ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.