തെരഞ്ഞെടുപ്പ് ആവേശമായി, ഇനി ചുവരെഴുത്തുകളുടെ കാലം
1396934
Sunday, March 3, 2024 2:57 AM IST
നെടുങ്കണ്ടം: തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപിച്ചില്ലെങ്കിലും ഉടുമ്പന്‍ചോല നിയോജക മണ്ഡലത്തില്‍ ചുവരെഴുത്തുകള്‍ സജീവമായി. ഒരുകാലത്ത് ചുവരെഴുത്തുകളായിരുന്നു തെരഞ്ഞെടുപ്പിന്റെ പ്രധാന പ്രചരണായുധം. പിന്നീട് അത് ഫ്ളക്സുകളിലേക്കു വഴിമാറി. എങ്കിലും പുതിയൊരു തെരഞ്ഞെടുപ്പുകാലംകൂടി എത്തിയതോടെ ചുവരെഴുത്തുകളും തിരിച്ചുവരികയാണ്.
വെള്ള പൂശിയ ചുവരുകളിലെ വടിവൊത്ത അക്ഷരങ്ങള്‍, എഴുത്തില്‍ അദ്ഭുതപ്പെടുത്തുന്ന വൈദഗ്ധ്യങ്ങൾ. ഒരു കാലത്തു വലിയ അംഗീകാരം നേടിയവരായിരുന്നു ചുവരെഴുത്ത് കലാകാരന്മാര്. ഫ്ളക്സും ബാനറും പോസ്റ്ററുമൊക്കെ കളം നിറഞ്ഞപ്പോള്‍ ചുവരെഴുത്ത് പ്രതാപ കാലത്തിന്റെ ഓര്‍മകളില്‍ ഒതുങ്ങി.
പലരും തൊഴില്‍ ഉപേക്ഷിച്ച് ഉപജീവന മാര്‍ഗം തേടി മറ്റു മേഖലകളിലേക്കു ചേക്കേറി. നിലവില്‍ ഈ തൊഴില്‍ രംഗത്തു തുടരുന്നവര്‍, വരുമാനത്തേക്കാള്‍ ഉപരി, കലയായി ചുവരെഴുത്തിനെ കൊണ്ടുനടക്കുന്നവരാണ്.
തെരഞ്ഞെടുപ്പുകളാണ് ചുവരെഴുത്ത് കലയുടെ ഉത്സവ സീസണ്. മറ്റ് പരസ്യ മാര്‍ഗങ്ങളുടെ വരവോടെ സാധ്യതകള്‍ കുറഞ്ഞെങ്കിലും ഹരിത ചട്ടങ്ങള്‍ പാലിച്ചുള്ള ഇത്തവണത്തെ പ്രകൃതി സൗഹൃദ തെരഞ്ഞെടുപ്പ് ഇവരുടെ പ്രതീക്ഷകള്‍ വര്‍ധിപ്പിയ്ക്കുകയാണ്.