ഡബിൾ ഡക്കർ ബസ് ഇടുക്കിയിലേക്കും
1415687
Thursday, April 11, 2024 3:33 AM IST
ഇടുക്കി: തെരഞ്ഞെടുപ്പ് ബോധവത്കരണ പരിപാടിയായ സ്വീപ്പിന്റെ ഭാഗമായി കെഎസ്ആർടിസിയുടെ ഡബിൾ ഡക്കർ ബസ് ഇടുക്കിയിലെത്തും. ഫുട്ബോൾ താരം ഐ.എം. വിജയൻ നാളെ ഉച്ച കഴിഞ്ഞു മൂന്നിന് മൂന്നാർ കണ്ണൻ ദേവൻ ഹിൽസ് പ്ലാന്റേഷൻ മൈതാനത്ത് നടക്കുന്ന ഫുട്ബോൾ മത്സരത്തിനു മുന്നോടിയായി ബസ് ഫ്ളാഗ് ഓഫ് ചെയ്യും.
ജില്ലാ കളക്ടർ ഷീബ ജോർജ്, ജില്ലാ പോലീസ് മേധാവി ടി.കെ. വിഷ്ണുപ്രദീപ് ,സബ് കളക്ടർമാരായ ഡോ. അരുണ് എസ്. നായർ, വി.എം. ജയകൃഷ്ണൻ എന്നിവർ പങ്കെടുക്കും.
സ്വീപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ടസ്കർ ഷീൽഡിനു വേണ്ടിയുള്ള സൗഹൃദ ഫുട്ബോൾ മത്സരം നാളെ വൈകുന്നേരം നാലിന് കണ്ണൻ ദേവൻ ഹിൽസ് പ്ലാന്റേഷൻ മൈതാനത്ത് നടക്കും. ജില്ലാ പോലീസ് ടീമും കണ്ണൻ ദേവൻ ഹിൽസ് പ്ലാന്റേഷൻ ടീമും തമ്മിലാണ് മത്സരം. ഐ.എം. വിജയൻ മുഖ്യാതിഥിയായിരിക്കും.
വോട്ടിംഗ് യന്ത്രങ്ങൾ ഇന്നു വിതരണം ചെയ്യും
ഇടുക്കി: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അതത് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടിംഗ് യന്ത്രങ്ങളുടെ വിതരണം ഇന്ന് ആരംഭിക്കും. ജില്ലയിലെ 1003 പോളിംഗ് സ്റ്റേഷനുകളിലേക്കായി 1202 ബാലറ്റ് യൂണിറ്റ്, 1202 കണ്ട്രോൾ യൂണിറ്റ്, 1300 വി വി പാറ്റ്, പേപ്പർ റോൾ, വി.വി. പാറ്റ് ബാറ്ററി, കണ്ട്രോൾ യൂണിറ്റ് ബാറ്ററി എന്നിവയാണ് കളക്ടറേറ്റിലെ ഇലക്ഷൻ വിഭാഗത്തിൽനിന്നു വിതരണം ചെയ്യുന്നത്.
ബൂത്തുകളിലേക്കാവശ്യമായ ബാലറ്റ് യൂണിറ്റ്, കണ്ട്രോൾ യൂണിറ്റ് എന്നിവയുടെ എണ്ണത്തിന്റെ 20 ശതമാനവും വിവി പാറ്റ് യന്ത്രങ്ങളുടെ 30 ശതമാനവും അധികം യന്ത്രങ്ങളാണ് ഓരോ മണ്ഡലങ്ങളിലേക്കും അയക്കുന്നത്.
ഓരോ മണ്ഡലങ്ങളിലേക്കും പ്രത്യേകം സജ്ജീകരിച്ച കവചിത വാഹനങ്ങളിലാണ് യന്ത്രങ്ങൾ കൊണ്ടു പോകുന്നത്. ഏഴു മണ്ഡലങ്ങളിൽ നിന്നുള്ള അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർമാർ വോട്ടിംഗ് മെഷീനുകൾ ഏറ്റുവാങ്ങും.
സമ്മാനപ്പെരുമഴയുമായി വോട്ടുവണ്ടി
ഇടുക്കി: തെരഞ്ഞെടുപ്പ് ബോധവത്കരണ പരിപാടിയായ സ്വീപ്പിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് സമ്മാനങ്ങൾ നൽകും. തെരഞ്ഞെടുപ്പ് സംബന്ധമായ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നവർക്കാണ് സമ്മാനം.
ഓരോ ദിവസവും ഒരു ചോദ്യം വീതം സ്വീപ്പിന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയും ജില്ലാ കളക്ടറുടെ ഒൗദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയും ജനങ്ങൾക്ക് മുന്നിലെത്തും.
ചോദ്യങ്ങൾക്കുള്ള ശരിയുത്തരം എസ്എംഎസ് വഴിയും കമന്റ് വഴിയും അറിയിക്കാം. കന്നി വോട്ട് ചെയ്യുന്നവരെയും യുവാക്കളെയും ഇന്ത്യൻ തെരഞ്ഞെടുപ്പ് സംവിധാനത്തെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും ചിന്തിക്കാൻ പ്രേരിപ്പിക്കുകയും സജീവ പങ്കാളിത്തം ഉറപ്പാക്കുകയുമാണ് ജില്ലാ ഭരണകൂടത്തിന്റെ ലക്ഷ്യം.
25 വരെ ഓരോ ആഴ്ചയും ഏറ്റവും കൂടുതൽ ശരിയുത്തരം അയയ്ക്കുന്ന ആൾക്ക് സമ്മാനം ലഭിക്കും.