വോട്ടിംഗ് യന്ത്രങ്ങൾ സ്ട്രോംഗ് റൂമുകളിൽ
1415918
Friday, April 12, 2024 3:44 AM IST
ഇടുക്കി: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അതത് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടിംഗ് യന്ത്രങ്ങളുടെ വിതരണം ആരംഭിച്ചു. ഓരോ മണ്ഡലത്തിലേക്കും പ്രത്യേകം സജ്ജീകരിച്ച കവചിത വാഹനങ്ങളിലാണ് യന്ത്രങ്ങൾ കൊണ്ടുപോകുന്നത്. യന്ത്രങ്ങളുമായി പോകുന്ന വാഹനങ്ങൾ ജില്ലാ കളക്ടർ ഷീബാ ജോർജ് ഫ്ളാഗ് ഓഫ് ചെയ്തു.
ജില്ലയിലെ 1003 പോളിംഗ് സ്റ്റേഷനുകളിലേക്കായി 1202 ബാലറ്റ് യൂണിറ്റ്, 1202 കണ്ട്രോൾ യൂണിറ്റ്, 1300 വിവി പാറ്റ്, എന്നിവയ്ക്ക് ആവശ്യമായ പേപ്പർ റോൾ, വിവി പാറ്റ് ബാറ്ററി, കണ്ട്രോൾ യൂണിറ്റ് ബാറ്ററി എന്നിവയാണ് കളക്ടറേറ്റിലെ ഇലക്ഷൻ വിഭാഗത്തിൽ നിന്ന് വിതരണം ചെയ്യുന്നത്.
ബൂത്തുകളിലേക്കാവശ്യമായ ബാലറ്റ് യൂണിറ്റ്, കണ്ട്രോൾ യൂണിറ്റ് എന്നിവയുടെ എണ്ണത്തിന്റെ 20 ശതമാനവും വിവി പാറ്റ് യന്ത്രങ്ങളുടെ 30 ശതമാനവും അധികം യന്ത്രങ്ങളാണ് ഓരോ മണ്ഡലത്തിലേക്കും അയയ്ക്കുന്നത്. അഞ്ചു മണ്ഡലങ്ങളിൽനിന്നുള്ള അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർമാരാണ് ഇവിഎം മെഷീനുകൾ ഏറ്റുവാങ്ങിയത്.
മൂന്നാർ ഗവ. വിഎച്ച്എച്ച്എച്ച്എസ്, നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് എച്ച്എസ്എസ്, തൊടുപുഴ ന്യൂമാൻ കോളജ്, പൈനാവ് ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂൾ, പീരുമേട് മരിയഗിരി ഇംഗ്ലീഷ് മീഡിയം സ്കൂൾ എന്നിവിടങ്ങളിലാണ് സ്ട്രോംഗ് റൂമുകൾ തയാറാക്കിയിട്ടുള്ളത്.
ജിപിഎസ് ഉൾപ്പെടെയുള്ള സുരക്ഷ ഉറപ്പാക്കിയാണ് വോട്ടിംഗ് യന്ത്രങ്ങൾ ഓരോ നിയോജകമണ്ഡലത്തിലേയും സ്ട്രോംഗ് റൂമിലെത്തിക്കുന്നത്. ഇവിടെ യന്ത്രങ്ങൾ സൂക്ഷിക്കുകയും 18ന് കമ്മീഷൻ ചെയ്തതിനു ശേഷം 25നു പോളിംഗ് ബൂത്തുകളിലെത്തിക്കും.
വിതരണത്തിന് സബ് കളക്ടർമാരായ ഡോ.അരുണ്‍ എസ് നായർ, വി.എം.ജയകൃഷ്ണൻ, ഡെപ്യൂട്ടി കളക്ടർമാർമാരായ ഡോ.ജെ.ഒ.അരുണ്‍, കെ.മനോജ്, സ്വീപ് നോഡൽ ഓഫീസർ ലിപു ലോറൻസ് തുടങ്ങിയവർ നേതൃത്വം നൽകി.