സർക്കാർഭൂമി കൈയേറ്റം: നടപടി തുടങ്ങി
1415921
Friday, April 12, 2024 3:44 AM IST
ഉപ്പുതറ: വാഗമണ്‍ വരയാട്ടുമെട്ടിൽ റവന്യൂ ഭൂമിയിൽ കൈയേറ്റം നടത്തിയ സ്വകാര്യ വ്യക്തിക്കെതിരേ റവന്യൂ വകുപ്പ് നടപടി തുടങ്ങി. ഭൂവിനിയോഗ നിയമപ്രകാരമാണ് റവന്യൂ വകുപ്പ് കേസ് എടുത്തിരിക്കുന്നത്. ഇതോടൊപ്പം പോലീസിനും റിപ്പേർട്ട് സമർപ്പിക്കും.
കഴിഞ്ഞ ദിവസമാണ് റവന്യൂ വകുപ്പ് വരയാട്ടുമെട്ടിലെ കൈയേറ്റം ഒഴിപ്പിച്ചത് .വാഗമണ്‍ വില്ലേജിൽ സർവേ നന്പർ 185 ൽ പെട്ട ഭൂമിയിലാണ് കൈയേറ്റം നടന്നത്. അടുത്തിടെ സോഷ്യൽ മീഡിയയിൽ അടക്കം ട്രെൻഡിങ് ആയ വാഗമണ്ണിൽ വിനോദസഞ്ചാരികൾ കൂടുതൽ എത്തുന്ന ഒരു പ്രദേശമാണിത്.
വളരെ ഉയരം കൂടിയ ഈ മലമുകളിലെ വിനോദസഞ്ചാര സാധ്യത മുൻകൂട്ടി കണ്ടാണ് കൈയേറ്റം നടന്നിരിക്കുന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെയാണ് വാഗമണ്‍ വില്ലേജ് ഓഫീസറുടെ നേതൃത്വത്തിൽ സ്ഥലത്തെത്തി കൈയേറ്റം ബോധ്യപ്പെട്ടതോടെ ഒഴിപ്പിക്കൽ നടപടിക്രമങ്ങൾ നടത്തിയത്. തുടർന്ന് ഇത് സർക്കാർ സ്ഥലം എന്ന് കാട്ടി റവന്യൂ വകുപ്പ് ബോർഡ് സ്ഥാപിച്ചു.
കൈയേറ്റം ശ്രദ്ധയിൽപ്പെട്ട ഉടനെ സ്വകാര്യ വ്യക്തിയോട് വില്ലേജ് ഓഫീസ് അധികൃതർ ഇവിടെ നടത്തിയ നിർമാണ പ്രവൃത്തികൾ പൊളിച്ചുമാറ്റാൻ ആവശ്യപ്പെട്ടിരുന്നു. ഇതിന് തയ്യാറാകാതെ വന്നതോടെ റവന്യൂ അധികൃതർ സ്ഥലത്തെത്തി ഒഴിപ്പിക്കാൻ നടപടി സ്വീകരിക്കുകയായിരുന്നു.