ജല സ്രോതസുകൾ വറ്റുന്നു: കുടിനീരിനായി നെട്ടോട്ടമോടി ജനങ്ങൾ
1416861
Wednesday, April 17, 2024 3:09 AM IST
തൊടുപുഴ: ചെറിയ തോതിൽ മഴ ലഭിച്ചെങ്കിലും ചൂടിനു ശമനമില്ലാതെ മലയോര ജില്ല. ശക്തമായ പകൽച്ചൂട് അനുഭവപ്പെടുന്നതിനാൽ പല മേഖലകളിലും ശുദ്ധജലക്ഷാമം രൂക്ഷമായി. പെരിയാർ ഉൾപ്പെടെ ജില്ലയിലെ പ്രധാന ശുദ്ധജല സ്രോതസുകളിലും നീരൊഴുക്കു നിലച്ച നിലയിലായി.
ഇതോടെ പല ശുദ്ധജലസംഭരണികളിലും ജലനിരപ്പ് താഴെയായി. ജലക്ഷാമം രൂക്ഷമായതോടെ ഏറെദൂരം സഞ്ചരിച്ച് തലച്ചുമടായും മറ്റുമാണു പല മേഖലയിലും ആളുകൾ വെള്ളം എത്തിക്കുന്നത്. ഇതിനു പുറമേ വാഹനങ്ങളിൽ എത്തിക്കുന്ന വെള്ളം വിലകൊടുത്ത് വാങ്ങേണ്ട അവസ്ഥയുമുണ്ട്.
പെരിയാറ്റിൽ നീരൊഴുക്ക് കുറഞ്ഞതോടെ പാറകൾ തെളിഞ്ഞ് ജലം കുഴികളിൽ കെട്ടിക്കിടക്കുന്ന നിലയിലാണ്. മറ്റു നദികളുടെയും അവസ്ഥ ഇതു തന്നെയാണ്. ചൂടു നീണ്ടുനിന്നാൽ ജലസ്രോതസുകൾ എല്ലാംതന്നെ പൂർണമായും വരണ്ടുണങ്ങും.
കിണറുകളിലും കുളങ്ങളിലും വലിയ തോതിൽ ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. വേനൽ മഴയുടെ തോതനുസരിച്ച് ചെറിയ അളവു മാത്രമാണ് ഇത്തവണ ജില്ലയിൽ ലഭിച്ചത്. 92 ശതമാനം കുറവാണ് ഇത്തവണ വേനൽമഴയുടെ കാര്യത്തിൽ ഉണ്ടായത്.
കൊടും വരൾച്ചയെത്തുടർന്ന് കാർഷികവിളകൾ വ്യാപകമായി കരിഞ്ഞുണങ്ങുന്നത് കർഷകരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ജില്ലയിൽ ഏലച്ചെടികൾ നല്ലൊരു ശതമാനം ഇതിനോടകംതന്നെ കരിഞ്ഞുണങ്ങിക്കഴിഞ്ഞു. ചിലയിടങ്ങളിൽ വേനൽമഴ ലഭിച്ചെങ്കിലും അത് കനത്ത ചൂടിനെ പ്രതിരോധിക്കാൻ പര്യാപ്തമല്ലെന്നു കർഷകർ പറയുന്നു. പ്രധാന ഏലം ഉത്പാദന മേഖലകളിലെല്ലാംതന്നെ ഇതിനോടകം ഏലത്തട്ടകൾ ഉണങ്ങിക്കരിഞ്ഞു. പല ഏലം കർഷകർക്കും വലിയ നഷ്ടമുണ്ടായിട്ടുണ്ട്.
ഇതിനു പുറമേ വാഴ, കപ്പ, പച്ചക്കറികൾ, തെങ്ങ്, കമുക്, ജാതി, കുരുമുളക്, കൊക്കോ തുടങ്ങിയ കൃഷികളും ഉണങ്ങി നശിച്ചു. ജലക്ഷാമം രൂക്ഷമായതിനാൽ കരിഞ്ഞു തുടങ്ങിയ കൃഷി നനയ്ക്കാനും കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. കാര്യമായ തോതിൽ വേനൽമഴ ലഭിക്കാത്തതിനാൽ തന്നാണ്ട് വിളകൾ കൃഷി ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ് കർഷകർ.
ക്ഷീരമേഖലയെയും വേനൽ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. പാലുത്പാദനം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. പശുക്കൾക്ക് കൊടുക്കുന്ന പച്ചപ്പുല്ലിന് ക്ഷാമം നേരിടുന്നതിനാൽ മറ്റു കാലിത്തീറ്റകൾ കൂടുതലായി കൊടുക്കേണ്ട അവസ്ഥയിലാണ് കർഷകർ. കാലിത്തീറ്റയ്ക്കും വൈക്കോലിനും വില കൂടിയതിനാൽ ഇവ പശുക്കൾക്ക് കൊടുക്കുന്നതുമൂലം കർഷകർക്ക് അധിക ഭാരമാണ് ഉണ്ടാകുന്നത്.
വേനൽമഴ ചതിച്ചു: ജാതി, കുരുമുളക് കർഷകർ പ്രതിസന്ധിയിൽ
ചെറുതോണി/രാജാക്കാട്:കാലാവസ്ഥയെ മാത്രം ആശ്രയിച്ച് കൃഷി ചെയ്യുന്നവരാണ് ഹൈറേഞ്ചിലെ ബഹുഭൂരിപക്ഷം കർഷകരും. ഇത്തവണ വേനൽ മഴ ലഭിക്കാതെ വന്നതും കനത്ത ചൂടും മറ്റു കൃഷികൾക്കെന്നപോലെ ജാതി, കുരുമുളക് കൃഷികളെയും സാരമായി ബാധിച്ചിരിക്കയാണ്. കാലാവസ്ഥ കർഷകരുടെ പ്രതീക്ഷയെ അപ്പാടെ തകർത്തുകളഞ്ഞു. വേനൽ മഴ തീരെ ലഭിക്കാതെ കൃഷി തകരുന്ന അവസ്ഥയിലേക്കുമാറിയിരിക്കുന്നു. ജാതിക്കും കുരുമുളകിനും വിലയുണ്ടെങ്കിലും കർഷകർക്കു പ്രയോജനമില്ല.
ജാതിക്കർഷകർക്ക് ആശ്വാസമില്ല
ഒട്ടുമിക്ക തോട്ടങ്ങളിലും ഈ വർഷം ജാതി മരങ്ങളിൽ നല്ല ഫലമുണ്ടായിരുന്നു. വില കുറവാണെങ്കിലും കൂടുതൽ വിളവുണ്ടായതിന്റെ ആശ്വാസത്തിലായിരുന്നു കർഷകർ. എന്നാൽ, കാലാവസ്ഥ കർഷകരുടെ പ്രതീക്ഷയെ അപ്പാടെ തകർത്തുകളഞ്ഞു. വേനൽ മഴ തീരെ ലഭിക്കാതെ വന്നതോടെ ജാതിക്കായ്കൾ മൂപ്പെത്താതെ പൊഴിഞ്ഞു പോകാൻ തുടങ്ങി.
കൂടാതെ കായ്കൾ വാടിക്കരിഞ്ഞു വീഴാനും തുടങ്ങി. കുടിവെള്ളംപോലും കിട്ടാക്കനിയായ മലയോരമേഖലയിൽ ജാതി മരങ്ങൾ നനയ്ക്കാനും മാർഗമില്ലാതെയായി. കായ്കൾ പൊഴിഞ്ഞതിനു പിന്നാലെ ഇലകൾ കരിഞ്ഞ് ഉണങ്ങാൻ തുടങ്ങി.
പിന്നീട് ശിഖരങ്ങളും ഉണങ്ങിക്കൊണ്ടിരിക്കയാണ്. മഴക്കാലമാകുന്നതോടെ വെയിലേറ്റ് ഉണങ്ങിയതും പൊള്ളലേറ്റതുമായ മരത്തിന്റെ തായ്ത്തണ്ടിൽ ചീക്ക് രോഗം ബാധിക്കാനും ഇടയാകും. കായ് കുറഞ്ഞാലും സാരമില്ല മരം ഉണങ്ങിപ്പോകാതിരുന്നാൽ മതിയെന്നാണ് കർഷകർ ആഗ്രഹിക്കുന്നത്.
കുരുമുളക് കൃഷി പ്രതിസന്ധിയിൽ
വേനൽശക്തി പ്രാപിച്ചതോടെ കുരുമുളക് കർഷകർ ആശങ്കയിലായി. പല പ്രായത്തിലുള്ള കുരുമുളക് ചെടികളെല്ലാം തന്നെ മണ്ണിൽ ഈർപ്പമില്ലാത്തതിനാൽ വാടി നശിച്ചു. വേനൽ മഴയെത്തിയാൽ പോലും പിടിച്ചു നിൽക്കുമോ എന്ന സംശയത്തിലാണ് പല കുരുമുളക് കർഷകരും.
തോട്ടങ്ങളിൽ താങ്ങുകാലുകളുടെ കേടുകൾ, ദ്രുതവാട്ടം ഇവയെല്ലാം കർഷകർക്കു പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്. വിപണിയിൽ 545 രൂപയാണ് ഇപ്പോൾ വില. വിളവെടുപ്പ് സമയത്ത് 500 ൽ താഴെയായി കുറഞ്ഞ വില ഇപ്പോൾ ഉയർന്നിരിക്കുകയാണ്.
640 വരെ കുരുമുളകിനു വില വന്നെങ്കിലും കർഷകർക്കു കാര്യമായ പ്രയോജനമുണ്ടായിട്ടില്ല. കൃഷി ഭവൻ വഴിയും കുരുമുളക് പുനരുദ്ധാരണ പദ്ധതികൾ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും തുരിശ്, കുമ്മായം ഇവയെല്ലാം കൊണ്ട് അവസാനിക്കുകയാണ് പതിവ്.
നല്ല ഇനം കുരുമുളക് വള്ളികൾ കൃഷിക്കാർക്ക് എത്തിച്ച് കൃഷിയെ പ്രോത്സാഹിപ്പിക്കാൻ ഉദ്യോഗസ്ഥർ മെനക്കെടാറില്ല. കുരുമുളക് കൃഷി അന്യംനിന്ന് പോകാതിരിക്കാൻ സ്പൈസസ് ബോർഡും കൃഷി ഉദ്യോഗസ്ഥരും വേണ്ട ഇടപെടൽ നടത്തണമെന്ന് കർഷകർ ആവശ്യപ്പെടുന്നു.