അതിർത്തി ഗ്രാമങ്ങൾ പകർച്ചവ്യാധി ഭീഷണിയിൽ
1424159
Wednesday, May 22, 2024 4:13 AM IST
നെടുങ്കണ്ടം: അതിർത്തിഗ്രാമങ്ങൾ പകർച്ചവ്യാധി ഭീഷണിയിൽ. കേരളാ - തമിഴ്നാട് അതിർത്തി പങ്കിടുന്ന അഞ്ചോളം പഞ്ചായത്തുകളിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചു. പാമ്പാടുംപാറ പഞ്ചായത്തിൽ ഡെങ്കിക്കൊപ്പം മലേറിയയും മന്തും സ്ഥിരീകരിച്ചു.
ജില്ലയുടെ അതിർത്തിഗ്രാമങ്ങളിലാണ് ആശങ്ക ഉയർത്തി പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്നത്. ശാന്തൻപാറ ഗ്രാമപഞ്ചായത്തിൽ ഒരാൾക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 15 പേർക്ക് രോഗലക്ഷണങ്ങൾ ഉള്ളതായി സംശയിക്കുന്നു.
ഉടുന്പൻചോല ഗ്രാമപഞ്ചായത്തിൽ രണ്ടുപേരിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഇവിടെയും എട്ടുപേർ നിരീക്ഷണത്തിലാണ്. പാമ്പാടുംപാറയിൽ ആറുപേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചപ്പോൾ 12 പേർ രോഗബാധിതരാണോ എന്ന സംശയത്തിലാണ്. കരുണാപുരം പഞ്ചായത്തിൽ മൂന്നു ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഇവിടെയും ആറു പേർ നിരീക്ഷണത്തിലാണ്.
നെടുങ്കണ്ടം പഞ്ചായത്തിൽ 11 പേർക്ക് ഡെങ്കിപ്പനി ഉണ്ടോ എന്ന് സംശയം നിലനിൽക്കുന്നു. ഇതോടൊപ്പംതന്നെ പാമ്പാടുംപാറ ഗ്രാമപഞ്ചായത്തിൽ മന്തും മലേറിയയും സ്ഥിരീകരിച്ചു. നാലുപേർക്കാണ് മലേറിയ സ്ഥിരീകരിച്ചത്.
ഇതിൽ ഒരാൾ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. മരണപ്പെട്ടയാൾ ഇതര സംസ്ഥാന തൊഴിലാളിയാണ്. മന്ത് സ്ഥിരീകരിച്ചതും ഇതര സംസ്ഥാന തൊഴിലാളിയിലാണ്. പകർച്ചവ്യാധികൾ കൂടുതലായും പടർന്നു പിടിക്കുന്നത് ഇതര സംസ്ഥാന തൊഴിലാളികളിൽ കിടയിലാണ്.