വിവാഹപൂർവ കൗണ്‍സലിംഗ് അനിവാര്യം: വനിതാ കമ്മീഷൻ
1424162
Wednesday, May 22, 2024 4:13 AM IST
ഇടുക്കി: ഗാർഹിക പീഡന പരാതികൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ വിവാഹ പൂർവ കൗണ്‍സലിംഗ് അനിവാര്യമാണെന്നു വനിതാ കമ്മീഷൻ അധ്യക്ഷ പി. സതീദേവി. ഇടുക്കി കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ നടത്തിയ സിറ്റിംഗിനുശേഷം സംസാരിക്കുകയായിരുന്നു അവർ.
പരസ്പര വിശ്വാസമില്ലാത്തവരായി ദന്പതികൾ മാറുകയും ഒരു കൂരയ്ക്ക് കീഴിൽ പീഡനങ്ങൾ പതിവാവുകയും ചെയ്യുന്ന സംഭവങ്ങളാണ് ഏറെയും. ശക്തമായ നിയമങ്ങൾ രാജ്യത്തുണ്ടെങ്കിലും ആ നിയമങ്ങൾ അനുശാസിക്കുന്ന സംരക്ഷണം സ്ത്രീകൾക്ക് ലഭിക്കുന്നില്ലെന്ന അവസ്ഥയുണ്ട്.
ആകെ 32 പരാതികൾ പരിഗണിച്ചതിൽ എട്ടെണ്ണം തീർപ്പാക്കി. രണ്ടു പരാതികൾ പോലീസിന്റെ റിപ്പോർട്ടിനായി അയച്ചു. ഒരു പരാതി നിയമസഹായ അഥോറിറ്റിക്കും ഒരെണ്ണം റവന്യു വകുപ്പിനും കൈമാറി. ഇരുപത് പരാതികൾ അടുത്ത സിറ്റിംഗിലേക്ക് മാറ്റി. വനിതാ കമ്മീഷൻ അംഗം എലിസബത്ത് മാമ്മൻ മത്തായി, സിഐ ജോസ് കുര്യൻ, കൗണ്‍സലർ ഒ.എ. റൂബിയ എന്നിവർ പങ്കെടുത്തു.
അതിജീവിതയുടെ ദുരൂഹമരണം: കുറ്റമറ്റ അന്വേഷണം നടത്തണം-വനിതാ കമ്മീഷൻ
ഇടുക്കി: ഇരട്ടയാറിൽ പോക്സോ കേസിലെ അതിജീവിത ദൂരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ശാസ്ത്രീയ തെളിവുകൾ ശേഖരിച്ച് കുറ്റമറ്റ അന്വേഷണം നടത്തണമെന്ന് സംസ്ഥാന പോലീസ് മേധാവിക്ക് നിർദേശം നൽകുമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി. സതീദേവി പറഞ്ഞു.
ഇരട്ടയാറിൽ അതിജീവിതയുടെ വീട് സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അവർ. സംഭവത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുക്കുകയും ജില്ലാ പോലീസ് മേധാവിയോട് റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.