നവീകരണം ചുവപ്പുനാടയിൽ; മഴയിൽ കുതിർന്ന് തൊഴിലാളി ലയങ്ങൾ
1424554
Friday, May 24, 2024 3:42 AM IST
പ്രതീക്ഷയില്ലാതെ തൊഴിലാളികൾ
ഉപ്പുതറ: കാലവർഷമെത്തിയിട്ടും തൊഴിലാളി ലയങ്ങൾ നവീകരിക്കാനുള്ള നടപടികൾ എങ്ങുമെത്തിയില്ല. നവീകരണത്തിന് അനുവദിച്ച 20 കോടി രൂപ ചുവപ്പു നാടയിൽ കുരുങ്ങിക്കിടക്കുന്പോൾ ചോർന്നൊലിക്കുന്ന ലയങ്ങളിൽ ഭീതിയോടെ ഓരോ ദിവസവും തള്ളിനീക്കുകയാണ് നൂറുകണക്കിനു തൊഴിലാളി കുടുംബക്കൾ.
ഒരു കാലവർഷം കൂടി അതിജീവിക്കാനുള്ള ശേഷി തങ്ങൾ താമസിക്കുന്ന ലയങ്ങൾക്കുണ്ടോ എന്ന ആശങ്കയിലാണിവർ. 2000ൽ പൂട്ടിയ പീരുമേട് താലൂക്കിലെ നാല് എസ്റ്റേറ്റുകളിലെ ലയങ്ങളാണ് ഏറ്റവുമധികം തകർച്ചയിലായത്. മറ്റ് എസ്റ്റേറ്റുകളിലെ ലയങ്ങളുടെ സ്ഥിതിയും ദയനീയമാണ്.
വകുപ്പുകൾ തമ്മിലുള്ള ഏകോപനം ഇല്ലാത്തതിനാൽ ഉടനെങ്ങും നവീകരണം നടപ്പാകുമെന്ന പ്രതീക്ഷയും തൊഴിലാളികൾക്കില്ല. പ്രവർത്തിക്കുന്ന തോട്ടങ്ങളിലെ തൊഴിലാളി ലയങ്ങളുടെ അപകടാവസ്ഥ പരിഹരിക്കാൻ മാനേജ്മെന്റുകൾക്കു തൊഴിൽവകുപ്പ് നിർദേശം നൽകിയെങ്കിലും നടപടിയായില്ല.
നവീകരണം വൈകുന്നതിനാൽ മേൽക്കൂരയ്ക്കു മുകളിൽ പടുത വലിച്ചുകെട്ടി ചോർച്ച മാറ്റാനെങ്കിലും നടപടി വേണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. അടഞ്ഞുകിടക്കുന്ന തോട്ടങ്ങളിൽ അടിയന്തരമായി അറ്റകുറ്റപ്പണി നടത്തേണ്ട ലയങ്ങളുടെ പട്ടിക തയാറാക്കാൻ കഴിഞ്ഞ വർഷം നിർദേശം നൽകിയിരുന്നു.
എന്നാൽ, സർക്കാർ നടപടികളിൽ ഉണ്ടാകാറുള്ള കാലതാമസം ഇക്കാര്യത്തിലും വന്നതിനാൽ ഈ വർഷവും നടപടിയായില്ല. അടഞ്ഞുകിടക്കുന്ന തോട്ടങ്ങളിലെ ഒരു ലയ മുറി പോലും സുരക്ഷിതമല്ല. കാലവർഷം ശക്തമായാൽ ഇവരെ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് മാറ്റുകയേ മാർഗമുള്ളു.
ഫണ്ടുണ്ട്, ഏകോപനമില്ല
2018 ൽ പെട്ടിമുടി ദുരന്തം ഉണ്ടാകുകയും 2021 ൽ കോഴിക്കാനത്ത് ലയമുറി തകർന്നു തൊഴിലാളി സ്ത്രീ മരിക്കുകയും ചെയ്തു. തുടർന്നാണ് ലയങ്ങൾ നവീകരിക്കാൻ 2022-23 ലും 2023-24 ലും സംസ്ഥാന ബജറ്റിൽ 10 കോടി രൂപ വീതം സർക്കാർ അനുവദിച്ചത്.
2022-23ലെ ഫണ്ട് വിനിയോഗിക്കാൻ 2023 ഡിസംബറിൽ നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി ജില്ലാ നിർമിതി കേന്ദ്രം നവീകരണത്തിന് ആവശ്യമായ ലയങ്ങളുടെ എസ്റ്റിമേറ്റ് തയാറാക്കി തൊഴിൽ വകുപ്പിനു നൽകി. തൊഴിൽവകുപ്പ് ഇതു സംബന്ധിച്ച വിശദമായ റിപ്പോർട്ട് ധനമന്ത്രാലയത്തിനു നൽകുകയും ചെയ്തു.
എന്നാൽ വകുപ്പുകൾ തമ്മിൽ കൂടുതൽ വിശദീകരണം കൈമാറി കാലതാമസം വരുത്തുകയാണ് ഇതുവരെ ചെയ്തത്. തുടർ നടപടിയിൽ സ്വീകരിക്കേണ്ട പ്ലാന്റേഷൻ ഡയറക്ടറേറ്റും അനങ്ങാപ്പാറ നയം സ്വീകരിച്ചതോടെ ചുവപ്പുനാട അഴിഞ്ഞില്ല.
ഇതോടെ വർഷങ്ങളായി ചോർന്നൊലിക്കുന്ന മേൽക്കുരയ്ക്കു കീഴിൽ ഭയന്നു വിറച്ച് കഴിഞ്ഞുകൂടേണ്ട ഗതികേടിലായി തൊഴിലാളികൾ . അനുവദിച്ച ഫണ്ട് സമയബന്ധിതമായി വിനിയോഗിക്കാൻ തൊഴിൽവകുപ്പ് ഉൾപ്പെടെ എല്ലാ സർക്കാർ സംവിധാനങ്ങളും തികഞ്ഞ അനാസ്ഥയാണ് ഇപ്പോഴും കാട്ടുന്നത്.