പോലീസിനെ വെട്ടിച്ചുകടന്ന ലഹരിക്കച്ചവടക്കാരെ തിരിച്ചറിഞ്ഞു
1424567
Friday, May 24, 2024 3:48 AM IST
തൊടുപുഴ: കഞ്ചാവ് കൈമാറുന്നതിനിടെ പോലീസിന്റെ കൈയിൽനിന്നും രക്ഷപ്പെട്ട ലഹരി സംഘത്തിൽപ്പെട്ട പ്രതികളെ തിരിച്ചറിഞ്ഞു. റംബുട്ടാൻ എന്നു വിളിക്കുന്ന അൻസിൽ, കാഞ്ഞിരപ്പാറ സ്വദേശി ആരോമൽ എന്നിവരാണ് പ്രതികളെന്നും ഇവരെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും ഉടൻ പിടിയിലാകുമെന്നും പോലീസ് പറഞ്ഞു. നിരവധി കേസുകളിൽ പ്രതികളാണ് രക്ഷപ്പെട്ട അൻസിലും ആരോമലും.
ചൊവ്വാഴ്ച രാത്രിയിൽ മുതലക്കോടം -പഴുക്കാക്കുളം റോഡിൽ വച്ചാണ് പ്രതികൾ പോലീസിനെ വെട്ടിച്ച് കടന്നത്.
ഇതിലൊരാളുടെ ടീഷർട്ടിൽ പോലീസിനു പിടുത്തം കിട്ടിയെങ്കിലും ഷർട്ടും മുണ്ടും ഉൗരിയെറിഞ്ഞ് പ്രതി സമീപത്തെ പാടത്തേക്ക് ഇറങ്ങിയോടി രക്ഷപ്പെട്ടു. പോലീസ് പിന്നാലെ ഓടിയെങ്കിലും സ്ഥല പരിചയമുള്ള പ്രതികൾ ഇതിനോടകം രക്ഷ പ്പെട്ടിരുന്നു. എന്നാൽ ഇവർ വിൽപ്പനക്കെത്തിച്ച ഒന്നര കിലോയോളം കഞ്ചാവും സഞ്ചരിച്ചിരുന്ന സ്കൂട്ടറും പ്രതികൾക്ക് എടുക്കാനായില്ല.
വിൽപ്പനയ്ക്കെത്തിച്ച കഞ്ചാവ്, സ്കൂട്ടർ, ധരിച്ചിരുന്ന മുണ്ട്, ടീഷർട്ട് എന്നിവ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവയുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് സ്ഥിരം കുറ്റവാളികളായ അൻസിലും ആരോമലുമാണ് പ്രതികളെന്ന വിവരം പോലീസിന് ലഭിച്ചത്. ഇവർക്കായി തെരച്ചിൽ ഉൗർജിതമാക്കിയിട്ടുണ്ട്.