കർഷകർക്ക് ആവേശം പകർന്ന് നാട്ടുചന്തകൾ
1424753
Saturday, May 25, 2024 3:48 AM IST
തൊടുപുഴ: കാഡ്സിന്റെ നേതൃത്വത്തിൽ നബാർഡിന്റെ സഹകരണത്തോടെ ആരംഭിച്ച നാട്ടുചന്തകൾ കർഷകർക്കിടയിലും ഉപഭോക്താക്കൾക്കിടയിലും പുതിയ ഉണർവ് സൃഷ്ടിച്ചു. കരിമണ്ണൂർ, ഉടുന്പന്നൂർ, കുമാരമംഗലം പഞ്ചായത്തുകളിലാണ് നാട്ടുചന്തകൾ പ്രവർത്തനം ആരംഭിച്ചത്. പഴയകാല ചന്തകളുടെ പുനരാവിഷ്കരണമാണ് നാട്ടുചന്തകളുടെ പ്രത്യേകത. ഒരു കർഷകന്റെ വീട്ടുമുറ്റമാണ് നാട്ടുചന്തയായി രൂപം കൊള്ളുന്നത്. ഉത്പന്നങ്ങളുമായി എത്തുന്ന കർഷകർ വീട്ടുമുറ്റത്ത് ഉത്പന്നങ്ങൾ പ്രദർശിപ്പിക്കുന്നു.
സാധനങ്ങൾ വാങ്ങാൻ എത്തുന്നവർ കർഷകരിൽനിന്ന് നേരിട്ട് ഉത്പന്നങ്ങൾ വാങ്ങുകയും പണം അപ്പോൾ തന്നെ കർഷകർക്ക് കൈമാറുകയും ചെയ്യുന്നു. ഇതിനിടയിൽ കമ്മീഷനോ മറ്റ് ഫീസുകളോ ഈടാക്കുന്നില്ല എന്നതാണ് നാട്ടുചന്തയുടെ ആകർഷണം. ഡിമാന്റ് കൂടുതലാണെങ്കിൽ മുൻകൂട്ടി നിശ്ചയിച്ച വിലയിൽ കൂടുതൽ കർഷകർക്ക് ലഭിക്കും. എന്നാൽ നിശ്ചയിക്കപ്പെട്ട വിലയിൽ കുറയുകയുമില്ല എന്നതാണ് മറ്റൊരാകർഷണം.
നാട്ടുചന്തയുടെ സമയം വൈകിട്ട് നാലു മുതൽ ആറു വരെയാണ്. ആറിനു ശേഷം മിച്ചം വരുന്ന ഉത്പന്നങ്ങൾ രൊക്കവിലയ്ക്ക് കാഡ്സ് മാർക്കറ്റുകളിലേക്ക് കൊണ്ടുപോകും. മൂന്നു പഞ്ചായത്തുകളിലുമായി 40,000 രൂപയുടെ ഉത്പന്നങ്ങൾ എത്തിച്ചേർന്നു. ഉലത്പന്നങ്ങളുടെ വൈവിധ്യവും നാട്ടുചന്തകളെ ശ്രദ്ധേയമാക്കുന്നു.
സാധാരണ പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ, കിഴങ്ങുവർഗങ്ങൾ എന്നിവയ്ക്ക് പുറമേ പേരയ്ക്ക, ചാന്പങ്ങ, കപ്പളങ്ങ,സ്റ്റാർ ഫ്രൂട്ട്,മുട്ടപ്പഴം, ആനിക്കാവിള മൾബറി പഴം, വന്പിളി നാരങ്ങ, ആത്തപ്പഴം, മൂട്ടിപ്പഴം,പൂച്ചപ്പഴം, കറിവേപ്പില, മുരിങ്ങയില, മത്തയില,തഴുതാമ, വാളംപുളിയില കൂന്പ്, കറുത്ത ചേന്പ്, ഇരുന്പൻപുളി, നിത്യവഴുതന, അന്പഴങ്ങ, അടതാപ്പ്, വാഴപ്പിണ്ടി, ചക്ക, ചക്കക്കുരു, വാഴച്ചുണ്ട്, ചെമ്മീൻ പുളി, കോഴിമുട്ട, കാടമുട്ട, ചെറുതേൻ തുടങ്ങിയവ നാട്ടുചന്തകളെ അക്ഷരാർഥത്തിൽ നാട്ടുചന്തകളാക്കുന്നു.
നാട്ടുചന്തകളുടെ ഉദ്ഘാടനം കാഡ്സ് ചെയർമാൻ ആന്റണി കണ്ടിരിക്കൽ നിർവഹിച്ചു. കരിമണ്ണൂർ നാട്ടുചന്തയുടെ ആദ്യ സ്പോട് പർച്ചേസ് കരിമണ്ണൂർ എഫ്സി കോണ്വെന്റ് മദർ സുപ്പീരിയർ സിസ്റ്റർ എമിലിയും ഉടുന്പന്നൂർ നാട്ടുചന്തയിലെ ആദ്യ സ്പോട് പർച്ചേസ് സാജു മാമ്മൂട്ടിലും കുമാരമംഗലം നാട്ടുചന്തയിലെ ആദ്യ സ്പോട് പർച്ചേസ് സാലി തോമസും നിർവഹിച്ചു.
എല്ലാ ആഴ്ചകളിലും നടക്കുന്ന ഈ ചന്ത കരിമണ്ണൂർ പഞ്ചായത്തിൽ ശനിയാഴ്ചയും ഉടുന്പന്നൂർ പഞ്ചായത്തിൽ ഞായറാഴ്ചയും കുമാരമംഗലം പഞ്ചായത്തിൽ തിങ്കളാഴ്ചയും നടക്കും.
ഏപ്രിൽ മാസത്തിൽ വെള്ളിയാമറ്റം, ആലക്കോട് പഞ്ചായത്തുകളിൽ നാട്ടുചന്തകൾ പ്രവർത്തനം ആരംഭിക്കുമെന്ന് കാഡ്സ് ചെയർമാൻ ആന്റണി കണ്ടിരിക്കൽ അറിയിച്ചു.