മലിനജലത്തിലും ചെളിയിലും മുങ്ങി: ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷൻ
1425260
Monday, May 27, 2024 2:12 AM IST
തൊടുപുഴ: കെഎസ്ഇബി സെക്ഷൻ ഓഫീസിനോടനുബന്ധിച്ച് ഇലക്ട്രിക് വാഹനങ്ങൾക്കായി സ്ഥാപിച്ചിരിക്കുന്ന ചാർജിംഗ് സ്റ്റേഷനിൽ ചെളിയും മലിനജലവും കെട്ടികിടക്കുന്നത് വാഹനയുടമകൾക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി പരാതി.
വൈദ്യുതി ഭവനു മുന്നിൽ തന്നെയാണ് ചാർജിംഗ് സ്റ്റേഷനും സജ്ജമാക്കിയിരിക്കുന്നത്. മഴ പെയ്യുന്നതോടെ ഇതിനുള്ളിൽ വെള്ളം നിറയും. റോഡിലെയും സമീപത്തെയും വെള്ളം മുഴുവൻ ഒഴുകിയെത്തി ഇവിടെ കെട്ടികിടക്കുന്ന സ്ഥിതിയാണ്. വെള്ളം കുറഞ്ഞാൽ തന്നെയും ചെളി നിറയുന്നതിനാൽ ഇതിനുള്ളിൽ കയറാൻ കഴിയാത്ത അവസ്ഥയാണ്.
അശാസ്ത്രീയമായ രീതിയിൽ ചാർജിംഗ് സ്റ്റേഷൻ സ്ഥാപിച്ചിരിക്കുന്നതാണ് ഈ ദുരവസ്ഥയ്ക്ക് കാരണമെന്ന് ഉപയോക്താക്കൾ പറയുന്നു. റോഡ് നിരപ്പിൽനിന്നും താഴെയാണ് ചാർജിംഗ് സ്റ്റേഷൻ സ്ഥാപിച്ചിരുക്കുന്നത്. അതിനാൽ ഒഴുകിയെത്തുന്ന വെള്ളം മുഴുവനും ഇതിൽ കെട്ടിനിൽക്കും. മഴ പെയ്താൽ വാഹനങ്ങൾ ചാർജ് ചെയ്യാൻ ഇതിനുള്ളിലേയ്ക്ക് കയറ്റാൻ കഴിയാത്ത അവസ്ഥയാകും.