പ്രളയത്തില്‍ തകര്‍ന്ന റോഡ് ആറുവര്‍ഷം കഴിഞ്ഞിട്ടും നന്നാക്കുന്നില്ല
1425264
Monday, May 27, 2024 2:12 AM IST
നെടുങ്കണ്ടം: പ്രളയത്തില്‍ തകര്‍ന്ന റോഡ് ആറുവര്‍ഷം കഴിഞ്ഞിട്ടും നന്നാക്കാന്‍ അധികൃതര്‍ തയാറാകുന്നില്ല. ചെറിയ മഴ പെയ്താല്‍ പോലും വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് പതിവാകുകയാണ്.
നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡിലെ ഇല്ലിക്കാനം-കാലായിപ്പടി റോഡിന്റെ കല്‍ക്കെട്ടുകള്‍ 2018 ലെ പ്രളയത്തിലാണ് തകര്‍ന്നത്. ഒരു കിലോമീറ്ററോളം ദൂരമുള്ളതാണ് ഈ റോഡ്. 50ല്‍പ്പരം കുടുംബങ്ങള്‍ ആശ്രയിക്കുന്നതും ഈ റോഡിനെയാണ്.
പ്രദേശവാസികള്‍ നെടുങ്കണ്ടം, താന്നിമൂട് എന്നിവിടങ്ങളിലേക്ക് എത്തുന്നതും ഈ റോഡിലൂടെയാണ്. വേനല്‍ക്കാലത്ത് ഓട്ടോറിക്ഷകളും ഇരുചക്രവാഹനങ്ങളും യഥേഷ്ടം മേഖലയില്‍ എത്തിച്ചേരും.
എന്നാല്‍ മഴക്കാലമായാല്‍ വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് നിത്യസംഭവമാണ്. റോഡിന്റെ കല്‍ക്കെട്ടുകള്‍ തകര്‍ന്ന ഭാഗത്ത് എത്തുമ്പോള്‍ വാഹനങ്ങള്‍ ചെളിയില്‍ പുതഞ്ഞ് കുഴിയിലേക്ക് തെന്നിവീഴുകയാണ്.
സ്കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ നടന്നുപോകുമ്പോള്‍ കാല്‍വഴുതി വീഴുന്നതും പതിവാണ്. റോഡ് നന്നാക്കണമെന്ന് പലതവണ ഗ്രാമപഞ്ചായത്തില്‍ ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. ഓരോ വര്‍ഷവും രണ്ടു ലക്ഷം രൂപ കല്‍ക്കെട്ട് നിര്‍മാണത്തിന് നീക്കിവച്ചതായി അറിയിക്കുമെങ്കിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇതുവരെയും ആരംഭിച്ചിട്ടില്ല.
കഴിഞ്ഞദിവസം ഇവിടെ ഓട്ടോ റിക്ഷ മറിഞ്ഞിരുന്നു. അപകടത്തില്‍പ്പെട്ട ഡ്രൈവറെ നാട്ടുകാര്‍ ചേര്‍ന്നു രക്ഷപ്പെടുത്തുകയായിരുന്നു. പ്രദേശത്തോടുള്ള അധികൃതരുടെ അവഗണന അവസാനിപ്പിച്ച് എത്രയും വേഗം റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.