ഗ്രില്ല് സാമൂഹ്യവിരുദ്ധര്‍ കടത്തി; അപകടക്കെണിയായി കോണ്‍ക്രീറ്റ് ഓട
1425516
Tuesday, May 28, 2024 6:27 AM IST
നെടുങ്കണ്ടം: ഓടയ്ക്കു മുകളില്‍ സ്ഥാപിച്ച ഗ്രില്ല് സാമൂഹ്യവിരുദ്ധര്‍ മോഷ്ടിച്ചതോടെ വീണ്ടും അപകടക്കെണിയാകുകയാണ് കല്ലാര്‍ വെയിറ്റിംഗ് ഷെഡിന് മുന്‍വശത്തെ കോണ്‍ക്രീറ്റ് ഓട.
കല്ലാര്‍ പാലം നിര്‍മാണത്തോടനുബന്ധിച്ച് ഇവിടെ റോഡിന്റെ ഒരു ഭാഗത്ത് ഓട നിര്‍മിച്ച് സ്ലാബിട്ട് മൂടിയിരുന്നു.
എന്നാല്‍ ഓടയുടെ തുടക്കഭാഗത്ത് സ്ലാബ് നിര്‍മിച്ചിരുന്നില്ല. ഇതിനാല്‍ ഈ ഓടയില്‍ വീണ് നിരവധി പേര്‍ക്ക് പരുക്കേറ്റിരുന്നു. വെയിറ്റിംഗ് ഷെഢിനോട് ചേര്‍ന്നായതിനാല്‍ ബസുകളില്‍നിന്ന് ഇറങ്ങുന്നവരും കയറുന്നവരുമാണ് ഓടയില്‍ വീണ് പരിക്കേറ്റിരുന്നത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഓടയില്‍ വീണ് ഒരു സ്കൂള്‍ വിദ്യാര്‍ഥിയുടെ കൈ ഒടിയുകയും ദേഹമാസകലം പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഇതേത്തുടര്‍ന്ന് ജനരോഷം ഉയര്‍ന്നതിനെത്തുടര്‍ന്ന് സ്ലാബില്ലാത്ത ഭാഗത്ത് പൊതുമരാമത്ത് വകുപ്പ് ഗ്രില്ല് സ്ഥാപിച്ചു. ഈ ഗ്രില്ലാണ് കഴിഞ്ഞദിവസം മോഷ്ടാക്കള്‍ കടത്തിയത്.
ഇതോടെ വീണ്ടും ഓട അപകട ഭീഷണി ഉയര്‍ത്തുകയാണ്. സ്കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിച്ചിരിക്കേ ഓട മൂടിയില്ലെങ്കില്‍ വീണ്ടും ആളുകൾ അപകടത്തില്‍ പെടും. കോണ്‍ക്രീറ്റ് സ്ലാബ് ഇവിടെ സ്ഥാപിച്ചാല്‍ മാത്രമേ പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാകു. ഇതിന് പൊതുമരാമത്ത് വകുപ്പ് തയാറാകണമെന്നും ഗ്രില്ല് മോഷ്ടിച്ചവരെ അടിയന്തരമായി കണ്ടെത്തണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.