ബിനുവിന്റെ ചുമർച്ചിത്രത്തിൽ പ്രാവ് ചേക്കേറി
1429177
Friday, June 14, 2024 3:29 AM IST
ചെറുതോണി: ബിനു വരച്ച ചുമർച്ചിത്രത്തിലെ മരക്കൊമ്പിൽ ചേക്കേറാൻ പ്രാവ് എത്തിയത് കൗതുകക്കാഴ്ചയായി. ചെറുതോണി സ്റ്റോണേജ് ടൂറിസ്റ്റ് കോംപ്ലക്സിലെ മുൻഭാഗത്തെ ചുവരിൽ ചെറുതോണി നിവാസിയായ കൊച്ചുപറമ്പിൽ ബിനു വർണരേഖ വരച്ച ചിത്രത്തിലെ ഇലകൊഴിഞ്ഞ മരച്ചില്ലയിലാണ് വിരുന്നുകാരനായി പ്രാവ് എത്തിയത്.
സന്ധ്യാനേരത്ത് എത്തിയ പ്രാവ് ചിത്രത്തിലെ മരക്കൊമ്പിൽ അള്ളിപ്പിടിച്ചും ചിത്രത്തിന്റെ പരിസരങ്ങളിലുമായി രണ്ട് ദിവസം കഴിച്ചുകൂട്ടി. താൻ ചുവരിൽ വരച്ചത് റിലീഫ് രീതിയിലുള്ള ചിത്രമാണെന്ന് ആർട്ടിസ്റ്റ് ബിനു വർണരേഖ പറയുന്നു. സ്കൂൾ കാലഘട്ടം മുതൽ ചിത്രരചനയിലും ശില്പ നിർമാണത്തിലും ബിനു തന്റെ കഴിവ് തെളിയിച്ചിരുന്നു.
പ്രശസ്ത ശില്പിയും ചിത്രകലാ അധ്യാപകനുമായ കെ.ആർ. ഹരിലാലിന്റെ കീഴിലാണ് പരിശീലനം നേടിയത്. ഓണം ടൂറിസം വാരാഘോഷവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ തിരുവനന്തപുരത്ത് നടത്തിയ മത്സരത്തിൽ പുരസ്കാരം നേടിയിട്ടുണ്ട്.
കുയിലിമലയിൽ സ്ഥിതി ചെയ്യുന്ന പൈതൃക മ്യൂസിയത്തിൽ 100 അടി നീളത്തിൽ ബിനു നിർമിച്ച ഇടുക്കി, കുളമാവ്, ചെറുതോണി അണക്കെട്ടുകളുടെ ഫൈബർ കാസ്റ്റ് ശില്പം ഏറെ പ്രശംസ നേടിയിട്ടുണ്ട്.
ചെറുതോണി അണക്കെട്ടിലെ അഞ്ച് ഷട്ടറുകളും ഉയർത്തി വെള്ളം ഒഴുകുന്ന രീതിയിലാണ് ഇത് രൂപകല്പന ചെയ്തിട്ടുള്ളത്. ജില്ലാ, സംസ്ഥാന ചിത്ര ശില്പകലാ മത്സരങ്ങളിൽ വിധികർത്താവായും ബിനു പങ്കെടുത്തിട്ടുണ്ട്.
ബിനുവിന്റെ മകൻ പത്താം ക്ലാസ് വിദ്യാർഥിയായ അജയും ചിത്രരചനയിൽ പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്. ഭാര്യ ലിജി തന്റെയും മകന്റെയും കലാ സാംസ്കാരിക പ്രവർത്തനങ്ങൾക്ക് പിന്തുണയും പ്രോത്സാഹനവുമായി ഒപ്പമുണ്ടെന്നും ബിനു പറയുന്നു.